തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ നിലവിൽ സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് മെമ്മോ നൽകിയത്.
ഗോപാലകൃഷ്ണൻറെ പ്രവർത്തികൾ ഓൾ ഇന്ത്യ സർവീസ് റൂൾസിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ്. സംസ്ഥാനത്തെ ഐഎഎസ് ഓഫിസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിക്കുന്നത്.
മാത്രമല്ല ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല. മല്ലുഹിന്ദു, മല്ലു മുസ്ലീം ഗ്രൂപ്പുകൾ ഉണ്ടാക്കിയത് ഗോപാലകൃഷ്ണനാണ്. ഫോറൻസിക് പരിശോധനയ്ക്ക് മുൻപ് പല തവണ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ പറയുന്നു.
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവം വിവാദമായതോടെ തൻറെ ഫോൺ ഹാക്ക് ചെയ്തു എന്നു പറഞ്ഞ് ഗോപാലകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്ന് പോലീസ് പരാതി ലഭിച്ച് അധികം താമസിക്കാതെതന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മുപ്പതു ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്നാണ് മെമ്മോയിൽ പറഞ്ഞിരിക്കുന്നത്.
Leave a Comment