ഹൈദരാബാദ്: തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലെത്തിച്ച ശേഷം നടിയ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും.
തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി. തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചു.
വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് കസ്തൂരി കോടതിയെ സമീപിച്ചു. പൊട്ടിത്തെറിക്കാൻ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. പ്രസംഗത്തിലെ വാക്കുകൾ സമൂഹത്തിന്റെ വികസനത്തിനുള്ളതാകണം, ആരെയും ഭിന്നിപ്പിക്കാനാകരുതെന്നും മുൻകൂർജാമ്യ ഹർജി തള്ളിയ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
ഹർജി തള്ളിയതോടെ, ഒളിവിൽ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി 2 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു. ‘അനിയൻ ബാവ ചേട്ടൻ ബാവ’ അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.
Leave a Comment