ഓംപ്രകാശിന്റെ മുറിയിൽനിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍തന്നെ; ഫോറന്‍സിക് സ്ഥിരീകരണം; ജാമ്യം റദ്ദാക്കാൻ നിയമോപദേശം തേടും

കൊച്ചി: മരട് ലഹരിക്കേസില്‍ ഓംപ്രകാശിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍ സാന്നിധ്യം തന്നെയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ ലഹരിവിരുദ്ധ നിയമപ്രകാരം കൊച്ചി സിറ്റി പോലീസ് നടപടികള്‍ തുടരും. കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കുന്നതിലേക്ക് കടക്കുന്നതടക്കം പോലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസിന് നിയമപരമായ ഉപദേശം തേടേണ്ടതുണ്ട്. അതിനു ശേഷമായിരിക്കും ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നീക്കങ്ങൾ.

മാത്രമല്ല, മുറിയിലുണ്ടായിരുന്ന കൊക്കെയ്‌നിന്റെ അളവ് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. വളരെ ചെറിയ അളവിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നതെങ്കില്‍ ജാമ്യം കിട്ടാന്‍ വകുപ്പുകളുണ്ട്. കേസ് സംബന്ധിച്ച വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.

കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓംപ്രകാശ് വ്യാജ പേരിലെടുത്ത മുറിയിലാണ് ലഹരി പാര്‍ട്ടി നടന്നത്. ഇതിനിടെ ഗുണ്ടാനേതാവായ ഓംപ്രകാശും ഇയാളുടെ സുഹൃത്തായ ഷിഹാസും പിടിയിലായിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ്റെയും ശ്രീനാഥ് ഭാസിയുടെയും പേരും ഉയര്‍ന്നു വന്നതോടെയാണ് കേസ് വിവാദമാകുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

സംഭവദിവസം തന്നെ അന്വേഷണ സംഘം ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ സാമ്പിളുകളുടെ ഫോറന്‍സിക് ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

pathram desk 5:
Related Post
Leave a Comment