സ്കൂൾ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം; സ്കൂളിൽ പോലീസിനെ വിന്യസിപ്പിച്ചു

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ വിതുര ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷമുണ്ടായത്. വിദ്യാർഥികളുടെ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.

സംഘർഷം കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെ സ്കൂളിൽ വിന്യസിച്ചിട്ടുണ്ട്. കലോത്സവത്തിൻ്റെ സമാപന ദിവസമായിരുന്നു വെള്ളിയാഴ്ച. സംഘർഷത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമാകാം സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ വിതുര- കൊപ്പം ജങ്ഷനിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ സംഭവമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മേഖലയിലെ സർക്കാർ സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റാൻഡിലും സംഘർഷങ്ങൾ പതിവാണ്. എന്നാൽ ബന്ധപ്പെട്ടവർ വേണ്ട നടപടികളെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

pathram desk 5:
Related Post
Leave a Comment