നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

പാലക്കാട്: പാർട്ടി നിലപാടിനെ തള്ളി വീണ്ടും സിപിഎം സംസ്ഥാന സമിതിയംഗം എൻഎൻ കൃഷ്ണദാസ് രം​ഗത്ത്. പാലക്കാട് കോൺഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അന്വേഷണം വേണമെന്നും പാലക്കാട് സിപിഎം ജില്ലാ നേതൃത്വവും മന്ത്രി എംബി രാജേഷും ആവർത്തിച്ച് പറയുമ്പോഴാണ് അത് തള്ളി പാലക്കാട്ടെ മുതിർന്ന സിപിഎം നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്.

കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചരണ വിഷയമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചരണമൊതുക്കുന്നത് ഒരു ട്രാപ്പാണ്. കോൺഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗിൽ പണമുണ്ടോ, സ്വർണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പൊലീസാണ്. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താൻ കഴിയുന്ന പോലീസാണ് കേരളത്തിൽ ഉള്ളത്. അത് അവർ ചെയ്തുകൊള്ളുമെന്നും കൃഷ്ണദാസ് പറഞ്ഞു.

കൃഷ്ണദാസ് തന്റെ നിലപാട് മാധ്യമങ്ങളോട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് തന്റെ നിലപാട് ആവർത്തിച്ചു. പാലക്കാട് നശിച്ച അവസ്ഥയിലാണ്. ജനകീയ പ്രശ്നങ്ങൾ ഒരുപാടുണ്ട്. അതാണ്‌ പാലക്കാട് ചർച്ച ചെയ്യേണ്ടത്.

നഗരസഭ ബിജെപി ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ദുരന്തമാണ് പാലക്കാട് നേരിടുന്നത്. ഇതല്ലേ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. അല്ലാതെ മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചർച്ചകളല്ല. ഇതെല്ലാം മനുഷ്യരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ളതാണ്. രാഷ്ട്രീയം ചർച്ച ചെയ്‌താൽ ബിജെപിയും കോൺഗ്രസും തോൽക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

വയനാട് ദുരന്തം കഴിഞ്ഞിട്ട് മാസങ്ങളായി. എന്നാൽ കേന്ദ്രം ഒരു ചില്ലിക്കാശ് തന്നിട്ടില്ല. യുഡിഎഫ് എംപിമാർ ഡൽഹിയിൽ എത്തിയാൽ ബിജെപിക്ക് ഒപ്പമാണ്. പാലക്കാട്‌ നെല്ലിന്റെ വില കേന്ദ്രം തരുന്നില്ല. അതുകൊണ്ട് കൃഷിക്കാർക്ക് കാശ് നൽകാനും കഴിയുന്നില്ല. ഇതൊക്കെ വേണം തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.

pathram desk 5:
Related Post
Leave a Comment