ടെഹ്റാൻ: ഉപാധികൾ തങ്ങൾക്കുകൂടി ബോധ്യപ്പെട്ടാൽ ഇസ്രയേലുമായി വെടിനിർത്തലിനു തയാറെന്ന് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയീം ഖാസിം. സംഘടനയുടെ നേതൃ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ സന്ദേശത്തിലാണ് ഖാസെം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേലിൻറെ വ്യോമ- കര ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഹിസ്ബുള്ളയ്ക്കുണ്ട്. എന്നാൽ, ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറായാൽ അത് അംഗീകരിക്കാൻ ഹിസ്ബുള്ള തയാറാണ്. പക്ഷേ, വെടിനിർത്തലിനുള്ള ഉപാധികൾ ഹിസ്ബുള്ളയ്ക്കു കൂടി ബോധ്യപ്പെടണമെന്നും ഖാസെം കൂട്ടിച്ചേർത്തു.
ഹിസ്ബുള്ളയുമായി വെടിനിർത്തൽ സാധ്യത ഇസ്രേലി മന്ത്രിസഭ ചർച്ചചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഖാസെമിൻറെ സന്ദേശം. ചൊവ്വാഴ്ച പ്രധാനമന്ത്രി നെതന്യാഹുവിൻറെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭ 60 ദിവസത്തെ വെടിർത്തൽ നിർദേശം പരിഗണിച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ള ഇസ്രേലി അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ പിന്മാറണമെന്നതാണ് ഇസ്രയേലിൻറെ പ്രധാന ആവശ്യം. തുടർന്ന് അതിർത്തിയിൽ ലബനീസ് സേനയെ വിന്യസിക്കണം. ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയും വെടിനിർത്തൽ ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കി. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിനു മുമ്പായി വെടിനിർത്തൽ ഉണ്ടാകാമെന്നു യുഎസിൻറെ പശ്ചിമേഷ്യാ പ്രതിനിധി ആമോസ് ഹോഷ്സ്റ്റെയിൻ സൂചിപ്പിച്ചതായി മിക്കാത്തി അറിയിച്ചു.
Leave a Comment