വികസപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ മന്തി മുഹമ്മദ് റിയാസ് കൂട്ടുനിന്നു എന്ന് മുന്‍ എംഎല്‍എ റസാഖ്

കോഴിക്കോട്: പി.വി.അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. സിപിഎം തന്നെ തഴഞ്ഞുവെന്നും പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെന്നും കാരാട്ട് റസാഖ് ആരോപിച്ചു. റസാക്ക് വീണ്ടും അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ റസാഖ് സിപിഎമ്മിനെതിരെ എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു.

”ഞാന്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്ക് രണ്ടു കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്ലിം ലീഗിനൊപ്പം ചേര്‍ന്ന് വികസപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു. കൊടുവള്ളി ലോക്കല്‍ സെക്രട്ടറി, താമരശ്ശേരി ഏരിയ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ അട്ടിമറിച്ചത്.

കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചില്ല. ഇനിയും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇടതുസഹയാത്രികനായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. വികസനം അട്ടിമറിക്കുന്ന തീരുമാനം പുനപ്പരിശോധിച്ചില്ലെങ്കില്‍ മറ്റൊരു തീരുമാനത്തിലേക്ക് തനിക്ക് പോകേണ്ടി വരും. ഒരുപാട് മാസങ്ങളായി കാത്തിരിക്കുന്നു.

അന്‍വര്‍ അടുത്ത സുഹൃത്താണ്. ഇന്നലെ അദ്ദേഹത്തെ പോയി കണ്ടിരുന്നു. അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. അന്‍വര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ അദ്ദേഹത്തോട് കാത്തിരിക്കാന്‍ പറഞ്ഞു.

ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായാണ് നില്‍ക്കുന്നത്. പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍ എന്നിവരോട് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മുസ്ലിം ലീഗിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല. മുസ്ലിം ലീഗിന്റെ നേതാക്കന്‍മാരില്‍ ചിലരുടെ നിലപാടുകളോട് യോജിക്കാന്‍ സാധിക്കില്ല. മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറാന്‍ ആവശ്യപ്പെട്ടില്ല.” അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment