ന്യൂഡൽഹി: ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുത്തഹ്‌രീർ എന്ന സംഘടന ഇന്ത്യയിൽ നിരോധിച്ചു. ആഭ്യന്തര സുരക്ഷയ്ക്കും ജനാധിപത്യത്തിനും സംഘടന ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) ഒന്നാം ഷെഡ്യൂളിലാണ് സംഘടനയെ ഉൾപ്പെടുത്തിയത്. ഇതോടെ ഈ പട്ടികയിലുള്ള ഭീകരസംഘടനകളുടെ എണ്ണം 45 ആയി.
“ഭീകരതയോട് ഒട്ടും സഹിഷ്ണുതയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നയം പിന്തുടർന്ന് ആഭ്യന്തര മന്ത്രാലയം ഹിസ്ബുത്തഹ്‌രീ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്ന സംഘടനയാണിത്. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്’’ – അമിത് ഷാ എക്സിൽ കുറിച്ചു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച് ഇന്ത്യ ഉൾപ്പെടെ ആഗോളതലത്തിൽ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരു സംഘടനയാണ് ഹിസ്ബുത്തഹ്‌രീറെന്നും ഇത് ജനാധിപത്യ സംവിധാനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ പറയുന്നു.
ഹിസ്ബുത്തഹ്‌രീർ തമിഴ്നാട്ടിൽ വൻ തോതിൽ അംഗങ്ങളെ ചേർക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് ജൂലൈയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപക പരിശോധന നടത്തിയിരുന്നു. ഹിസ്ബുത്തഹ്‌രീറിന്റെ നേതാവ് അസീസ് അഹമ്മദ് അടക്കമുള്ളവരെ എൻഐഎ ഒരു മാസത്തിനിടയിൽ അറസ്റ്റ് ചെയ്തിരുന്നു.
Lebanon based Hizb ut Tahrir banned in India Unlawful Activities (Prevention) Act (UAPA) Narendra Modi National Investigation Agency – NIA India News Latest News
Leave a Comment