ഷിരൂർ: കർണാടക ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയർ അർജുന്റെ ലോറിയുടേതല്ല. ഇതോടെ ഷിരൂരിലെ ഇന്നത്തെ ദൗത്യം അധികൃതർ അവസാനിപ്പിച്ചു. നാളെയും തിരച്ചിൽ തുടരുമെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അറിയിച്ചിട്ടുണ്ട്. കണ്ടെത്തിയത് അർജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
ഇന്നത്തെ തിരച്ചിലിൽ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മൽപെ പറഞ്ഞത്.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി തിരച്ചിൽ നടത്തുകയാണ്. നേരത്തെ പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മൽപെ കണ്ടെത്തിയിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.
കാലാവസ്ഥ അനുകൂലമായതിൽ വലിയ പ്രതീക്ഷയിലാണെന്ന് അർജുന്റെ സഹോദരി അഞ്ജു രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ വേലിയേറ്റ സമയത്ത് പുഴയിൽ അൽപം വെള്ളം കൂടുതലുണ്ടായിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായി. വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. എൻഡിആർഎഫ് സംഘവും സ്ഥലത്തുണ്ടെന്നും അഞ്ജു പറഞ്ഞു.
നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചിൽ നടത്തുന്നത്. കാർവാറിൽനിന്ന് എത്തിച്ച ഡ്രജർ ഉപയോഗിച്ചാണ് തിരച്ചിൽ. വെള്ളിയാഴ്ച ഡ്രജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് ഡ്രജർ കമ്പനിയുമായുള്ള കരാർ. ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് അനുമതി നൽകിയിരുന്നു. വൈകീട്ട് ആറു വരെയാണ് തിരച്ചിൽ നടത്തുക. അർജുൻ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ട സ്ഥലം അടയാളപ്പെടുത്തി മണ്ണ് നീക്കാൻ കഴിയും വിധമാണ് ഡ്രജർ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസമാണ് അർജുന്റെ സഹോദരിയും ഷിരൂരിൽ എത്തിയത്. ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ കലക്ടർ എം.ലക്ഷ്മിപ്രിയയും വ്യക്തമാക്കി. ജൂൺ 16നാണ് മണ്ണിടിച്ചിലിൽ ലോറിയുമായി അർജുനെ കാണാതായത്.
Search Resumes for Arjun and Others Missing in Shirur Landslide
Shirur Landslide Rescue Eshwar Malpe Karnataka India News
Leave a Comment