ന്യൂഡൽഹി: ഏറെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ നിന്ന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സിഎൻബിസി18 റിപ്പോർട്ട് ചെയ്തു.
200-500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ, ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് അൽ ഹിന്ദ് നടത്തുക. ഇതിനായി എടിആർ വിമാനങ്ങൾ ഉപയോഗിക്കും.
തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടംഘട്ടമായി അഖിലേന്ത്യാ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കും. രാജ്യാന്തര സർവീസുകൾക്ക് എയർ ബസിന്റെ എ320 വിമാനങ്ങൾ പ്രയോജനപ്പെടുത്താനാണ് അൽ ഹിന്ദ് ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടുവർഷത്തിനകം 20ലേക്ക് വിമാനങ്ങളുടെ എണ്ണമുയർത്തും. എയർബസ്, ബോയിങ് എന്നിവയുമായി നാരോ-ബോഡി വിമാനങ്ങൾക്കായി അൽ ഹിന്ദ് ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചനകൾ. 100-240 സീറ്റുകളുള്ള വിമാനങ്ങളായിരിക്കും ഇവ.
20,000 കോടി രൂപയുടെ വിറ്റുവരവ്
നിലവിൽ വിമാനടിക്കറ്റ്, ടൂർ ഓപ്പറേറ്റിങ്ങ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ റൂം ബുക്കിങ്, വീസ സേവനങ്ങൾ നൽകുന്ന ഗ്രൂപ്പാണ് അൽ ഹിന്ദ്. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവർത്തനശൃംഖലയും ഹജ്ജ് തീർഥാടകർ ഉൾപ്പെടെ മികച്ച ഉപയോക്തൃ അടിത്തറയും കമ്പനിക്കുണ്ട്.
20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അൽ ഹിന്ദ്. വരുമാനത്തിൽ ഏതാണ്ട് 600 കോടി രൂപ പ്രതിമാസം വിമാന ടിക്കറ്റ് ബുക്കിങ് സേവനം വഴിയാണ് ലഭിക്കുന്നത്. ഗൾഫിന് പുറമേ തായ്‍ലൻഡ്, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളുമാണ് രാജ്യാന്തരതലത്തിൽ അൽ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
പറന്നുയരാൻ എയർ കേരളയും
പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാനകകമ്പനിക്ക് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കാണ് അൽ ഹിന്ദ് ഗ്രൂപ്പും വിമാനക്കമ്പനിക്ക് തുടക്കമിടാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. അടുത്തവർഷം ആദ്യപാദത്തിൽ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സർവീസാണ് എയർ കേരള തുടക്കത്തിൽ നടത്തുക. 20 വിമാനങ്ങൾ സ്വന്തമാക്കിയശേഷം ഗൾഫിലേക്ക് ഉൾപ്പെടെ സർവീസ് ആരംഭിക്കും.
പ്രവാസികളുടെ സ്വപ്നം
കേരളത്തിന് സ്വന്തമായി ഒരു വിമാനകകമ്പനി വേണമെന്ന പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിലവിൽ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ അവധിക്കാലത്തും മറ്റും ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രവാസികളിൽ നിന്ന് ഈ ആവശ്യം ഉയർന്നത്.
Leave a Comment