കണ്ണൂർ നഗരത്തിലെ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ പൊലിസുകാരനെ അറസ്റ്റു ചെയ്തു. കണ്ണൂർ ഡി. എച്ച് ക്യൂ മെസ് ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിനു ശേഷം മുഴുവൻ തുകയും നൽകാതെ പോകാൻ ശ്രമിച്ച സന്തോഷ് കുമാറിൻ്റെ കണ്ണൂർ തളാപ്പ് റോഡിലെ പെട്രോൾ പമ്പ് ജീവനക്കാരൻ തടയാൻ ശ്രമിച്ചപ്പോൾ കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയും ജീവൻ രക്ഷിക്കാൻ ബോണറ്റിൽ കയറി പറ്റിയ പെട്രോൾ പമ്പ് ജീവനക്കാരനെയും കൊണ്ടു അപകടകരമായ രീതിയിൽ കണ്ണൂർ ട്രാഫിക്ക് പൊലിസ് സ്റ്റേഷനു മുൻവശം വരെ വാഹനമോടിച്ചുവെന്നാണ് കേസ്.
പ്രതിയെ അന്വേഷണ വിധേയമായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ അജിത്ത് കുമാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ പൊലിസുകാരൻ തന്നെയാണ് കണ്ണൂർ സിവിൽ സ്റ്റേഷൻ മുൻപിലെ പെട്രോൾ പമ്പിലേക്ക് പൊലിസ് ജീപ്പ് ഓടിച്ചു കയറ്റിയത്. അന്ന് പെട്രോൾ അടിക്കുന്ന മെഷീൻ തകരുകയും എണ്ണയടിക്കാൻ നിർത്തിയിട്ട ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
Leave a Comment