അഞ്ചാം മത്സരത്തിലും വിജയിച്ച് ഇന്ത്യ

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്വെയെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ചില്‍ നാല് മത്സരങ്ങളും വിജയിച്ചു.

ആദ്യ മത്സരത്തില്‍ മാത്രമാണ് ആതിഥേയര്‍ക്ക് വിജയിക്കാനായത്. അര്‍ധ സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ മുകേഷ് കുമാറിന്റെയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി പ്ലയര്‍ ഓഫ്ദി മാച്ചായ ശിവം ദുബെയുടെയും പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ അവസാന മത്സരത്തില്‍ വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45 പന്തില്‍ നാല് സിക്സും ഒരു ഫോറുമടക്കം 58 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചപ്പോള്‍ സിംബാബ്‍വെയുടെ മറുപടി 18.3 ഓവറില്‍ 125 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കായി തകർത്തെറിഞ്ഞ മുകേഷ് കുമാർ 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാലുപേരെ മടക്കി.

32 പന്തില്‍ 34 റണ്‍സെടുത്ത ഡിയോണ്‍ മയേഴ്സാണ് ആതിഥേയരുടെ ടോപ് സ്കോറർ. മഴേയ്സിന് പുറമെ, 13 പന്തില്‍ 27 റണ്‍സടിച്ച ഫറാസ് അക്രമിനും 24 പന്തില്‍ 27 റണ്‍സെടുത്ത തദിവനാഷെ മരുമനിക്കും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഇന്ത്യൻ ബൗളർമാരില്‍ ശിവം ദുബെ രണ്ടും തുഷാർ ദേശ്പാണ്ഡെ, വാഷിങ്ടണ്‍ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്ത ടോസ് നേടിയ സിംബാബ്‍വേ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും ശുഭ്മാൻ ഗില്ലിനും മൂന്നാമനായിറങ്ങിയ അഭിഷേക് ശർമക്കും കാര്യപ്പെട്ട സംഭാവനകള്‍ നല്‍കാനാവാതിരുന്നപ്പോള്‍ നാലാം വിക്കറ്റില്‍ ക്രീസില്‍ ഒത്തു ചേർന്ന സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ഏറെ പക്വതയോടെ ബാറ്റ് വീശിയ സഞ്ജു 45 പന്തില്‍ 58 റണ്‍സെടുത്തു. നാല് സിക്‌സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിങ്‌സിന് മിഴിവേകി. പരാഗ് 22 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ശിവം ദൂബേയും തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ 150 കടന്നു. ദൂബേ 12 പന്തില്‍ രണ്ട് സിക്‌സിന്റേയും രണ്ട് ഫോറിന്റേയും അകമ്പടിയില്‍ 26 റണ്‍സെടുത്തു. ദൂബേയാണ് കളിയിലെ താരം.

ബ്ലെസിംഗ് മുസറബാനി സിംബാബ്‌വെക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

pathram desk 2:
Related Post
Leave a Comment