പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനം; തുടക്കംതന്നെ അലങ്കോലമായി

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യവാചകം ചൊല്ലി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് പ്രോടെം സ്പീക്കറെ സഹായിക്കാൻ നിയോഗിച്ച ചെയർപേഴ്‌സൺമാർ സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ കേന്ദ്ര മന്ത്രിമാരും എംപിമാരും സത്യപ്രതിജ്ഞ ചെയ്തുതുടങ്ങി. പുതിയ അംഗങ്ങൾ രണ്ടുദിവസങ്ങളിലായാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഒഡിഷയിൽനിന്നുള്ള ഭർതൃഹരി മെഹ്താബാണ് പ്രോടെം സ്പീക്കർ. പുതിയ അംഗങ്ങൾക്ക് പ്രോടെം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

അതേസമയം, ഭരണഘടന കയ്യിലേന്തി സഭയിലെത്തിയ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് പ്രോടെം സ്പീക്കറെ സഹായിക്കാൻ നിയോഗിച്ച ചെയർപേഴ്‌സൺമാരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷം ബഹളംവെച്ചത്.

എട്ടുതവണ ലോക്‌സഭാംഗമായിത്തുടരുന്ന മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. വിദ്യഭ്യാസ മന്ത്രി ​ധർമേന്ദ്ര പ്രധാൻ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ‘നീറ്റ്’ വാക്യമുയർത്തിയും പ്രതിപക്ഷം ബഹളം വച്ചു.

ബുധനാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധനചെയ്യും.

pathram:
Related Post
Leave a Comment