സ്വർണ വില ഇടിച്ചത് ചൈന; ഇന്നത്തേത് റെക്കോഡ് ഇടിവ്; ഇനിയും കുറയും

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയും പവന് 1520 രൂപ കുറഞ്ഞ് 52560 രൂപയുമായി.
18 കാരറ്റ് സ്വർണ്ണവില 150 രൂപ ഗ്രാമിന് കുറഞ്ഞ് 5470 രൂപയായി.
24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.
അന്തരാഷ്ട്ര സ്വർണ്ണവില 2293 ഡോളറും, രൂപയുടെ നിരക്ക് 83.40 ആണ്. അന്താരാഷ്ട്ര സ്വർണ്ണവില 2021 ജനുവരിക്ക് ശേഷമുള്ള വലിയ ഏകദിന ഇടിവാണ് രേഖപ്പെടുത്തിയത്.

ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് ഒരു ഗ്രാമിന് 150 രൂപ കുറഞ്ഞതാണ് ഒരുദിവസത്തെ ഏറ്റവും വലിയ ഇടിവ്.

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന(PBC)അതിൻറെ വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവച്ചു.
ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
ഈ തീരുമാനം പുറത്തുവന്നതോടെ സ്വർണ്ണവില 3.5% കുറയുകയാണ് ഉണ്ടായത്. അതോടൊപ്പം അമേരിക്കയിൽ 3 ലക്ഷത്തിനടുത്ത് പുതിയ തൊഴിൽ നൽകിയത് പണപെരുപ്പ നിരക്കിൽ ഉണ്ടായ സമ്മർദ്ദത്തെ ചെറിയതോതിൽ മറികടക്കാൻ കഴിഞ്ഞത് സ്വർണ്ണവില ഇടിയുന്നതിന് മറ്റൊരു കാരണമായി.
സ്വർണ്ണ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം. അതിൽ മാറ്റം വന്നത് ഡിമാൻഡ് കുറയാനും വില നല്ല രീതിയിൽ കുറയാനുമാണ് സാധ്യത.
മാത്രമല്ല അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നതിലുള്ള ആശങ്കയും, ഇസ്രയേൽ – ഹമാസ് വെടി നിർത്തലിനുള്ള സമ്മർദം,ഉയർന്ന വിലയിലെ ഡിമാൻഡ് കുറവ് എന്നിവയൊക്കെ ഒക്കെ വില കുറയുന്ന സമ്മർദത്തിന് ആക്കം കൂട്ടാം.

കേരളത്തിൽ ആദ്യമായിട്ടാണ് സ്വർണ്ണവിലയിൽ ഒറ്റദിവസം ഗ്രാമിന് 190 രൂപയുടെ കുറവ് രേഖപ്പെടുത്തുന്നത്. പവന് 1520 രൂപയുടെ കുറവാണുണ്ടായത്. ചെറിയതോതിലുള്ള ചാഞ്ചാട്ടം ഉണ്ടായാലും, വരും ദിവസങ്ങളിലും സ്വർണ്ണവില കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ-(AKGSMA) സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

pathram desk 2:
Leave a Comment