റംസാൻ -വിഷു ചന്തകൾ നടത്താമെന്ന് ഹൈക്കോടതി; പക്ഷേ സബ്സിഡി അനുവദിക്കാൻ പാടില്ല

കൊച്ചി: റംസാനും വിഷുവും പ്രമാണിച്ചുള്ള ഉത്സവച്ചന്തകൾ നടത്താൻ കൺസ്യൂമർ ഫെഡിന് അനുമതിനൽകി ഹൈക്കോടതി. എന്നാൽ ചന്തകൾ നടത്താൻ സർക്കാർ സബ്‌സിഡി അനുവദിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ കൺസ്യൂമർ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച് അവർക്ക് ചന്തകൾ നടത്താമെന്നാണ് കോടതി വ്യക്തമാക്കുന്നത്.

ചന്തകൾ തിരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ കൺസ്യൂമർ ഫെഡ് 250-ഓളം ഉത്സവച്ചന്തകൾ നടത്തുകയും സർക്കാരിന്റെ സഹായത്തോടെയുള്ള സബ്‌സിഡി ചന്തകളായി മാറുകയും ചെയ്യുമ്പോൾ അത് തിരഞ്ഞെടുപ്പ് വിഷയമായി മാറും എന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് ഒരുതരത്തിലും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ, ചന്തകൾ നടത്താമെങ്കിലും അതിനുള്ള സബ്‌സിഡി തിരഞ്ഞടുപ്പ് കഴിയുന്നതുവരെ നൽകരുതെന്നാണ് കോടതിയുടെ നിർദേശം.

തിരഞ്ഞെടുപ്പ് കഴിയുംവരെയാണ് ഉത്സവചന്തകളുടെ ഉത്പന്നങ്ങൾക്ക് സർക്കാർ സബ്‌സിഡി പണം അനുവദിക്കുന്നത് കോടതി വിലക്കിയിട്ടുള്ളത്. ഏപ്രിൽ 26-ന് ശേഷം സർക്കാരിന് ഈ സബ്‌സിഡി പണം അനുവദിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഹൈക്കോടതി ശരിവെച്ചു.

ഉത്സവച്ചന്തകൾ നടത്താൻ സർക്കാർ സബ്‌സിഡി ഫണ്ട് അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. അതിനെതിരെയാണ് കൺസ്യൂമർ ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് രണ്ടുകൂട്ടർക്കും പ്രയാസമുണ്ടാക്കാത്തവിധം ചന്തനടത്താൻ കോടതി അനുമതി നൽകിയിരിക്കുന്നത്.

pathram:
Related Post
Leave a Comment