ന്യൂഡൽഹി: പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമായതോടെ, വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‍ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. നിലവിലെ നിയമപ്രകാരം മുസ്‍ലിംകൾക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിന് തടസ്സമില്ല. അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും സർക്കാർ വിശദീകരിക്കുന്നു.
പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങളാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. മുസ്‍ലിംകളെ ഒഴിവാക്കിയതിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാർ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. സിഎഎയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചോദ്യോത്തര രൂപത്തിലാണ് വിശദീകരണം നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ ജീവിക്കുന്ന 18 കോടി മുസ്‍ലിങ്ങളെ ബാധിക്കില്ല
നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന 18 കോടി മുസ്‍ലിങ്ങളുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അവരുടെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഇതിലില്ല. ഇന്ത്യയിലെ മുസ്‍ലിംകൾക്ക് ഹിന്ദുക്കൾക്കു തുല്യമായുള്ള എല്ലാ അവകാശങ്ങളും അതേപടി തുടരും. സിഎഎ നടപ്പാക്കുന്നതിന്റെ പേരിൽ ഒരു ഇന്ത്യൻ പൗരനോടു പോലും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകില്ല.
ഇന്ത്യൻ പൗര നിയമത്തിന്റെ സെക്‌ഷൻ 6 പ്രകാരം, ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മുസ്‍ലിംകൾക്കും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശത്തെ സിഎഎ ഹനിക്കുന്നില്ല.
കുടിയേറ്റക്കാരെ ഈ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാമെന്ന് മൂന്നു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് കരാറില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടിയുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ, സിഎഎ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന ഒരു വിഭാഗം മുസ്‍ലിംകളുടെയും വിദ്യാർഥികളുടെയും ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.
അനധികൃത കുടിയേറ്റക്കാർ
1955ലെ പൗരത്വ നിയമത്തിലേതുപോലെ, നിയമസാധുതയുള്ള രേഖകൾ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികളാണ് സിഎഎ പ്രകാരവും അനധികൃത കുടിയേറ്റക്കാർ.
പീഡിതരോട് കാരുണ്യം കാണിക്കുന്നതിനുള്ള ഉപാധി
മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും നിമിത്തം ലോകമെമ്പാടും ഇസ്‌ലാമിന്റെ പ്രതിച്ഛായ മോശമാകുന്ന സാഹചര്യമുണ്ടായി. അതേസമയം, സമാധാനത്തിന്റെ മതമായ ഇസ്‍ലാം ഒരിക്കലും മതാടിസ്ഥാനത്തിലുള്ള അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. സിഎഎ എന്നത് പീഡിതരോട് കാരുണ്യം കാണിക്കുന്നതിനുള്ള ഉപാധിയാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങളുടെ പേരിൽ ലോകത്തിനു മുന്നിൽ ഇസ്‍ലാമിന്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ മൂന്നു രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സന്തോഷപൂർണവും സമ്പൽസമൃദ്ധവുമായ ഭാവിക്കായി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് ഇന്ത്യയുടെ സാംസ്കാരിക തനിമയനുസരിച്ച് അവസരം ഉറപ്പുവരുത്തുകയാണ് സിഎഎ ചെയ്യുന്നത്.
2016ൽ ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യയിൽ തുടരുന്നതിന് ദീർഘകാല വീസകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
മുസ്‌ലിം കുടിയേറ്റക്കാർക്കും പൗരത്വത്തിനായി അപേക്ഷിക്കാം
സ്വാഭാവിക നിയമങ്ങളെ സിഎഎ ഒരു വിധത്തിലും ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതു വിദേശരാജ്യത്തു നിന്നുമുള്ള മുസ്‌ലിം കുടിയേറ്റക്കാർക്കും നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഈ മൂന്നു രാജ്യങ്ങളിലും സ്വന്തം ശൈലിയിലുള്ള ആചാരങ്ങൾ പാലിക്കുന്നതിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന മുസ്‍ലിം മതവിഭാഗത്തിൽപ്പെട്ടവർക്കും ഇപ്പോഴത്തെ നിയമങ്ങൾ അനുസരിച്ചുതന്നെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.
.
.
.
.
.
.
Leave a Comment