ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബൈജൂസ് 100 കോടി രൂപയ്ക്ക് വീട് പണയംവച്ചു

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി വീടുകള്‍ പണയം വെച്ച് എഡ്യുടെക് കമ്പനി ബൈജൂസിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ബംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയംവെച്ചതെന്ന് ബൈജുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1.2 കോടി ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) വീടുകള്‍ പണയംവെച്ചത്.

15,000 ജീവനക്കാരാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ജോലിചെയ്യുന്നത്. വീടുകള്‍ പണയംവെച്ച് കിട്ടിയ പണം ഉപയോഗിച്ച് ഇവര്‍ക്കുള്ള ശമ്പളം തിങ്കളാഴ്ച നല്‍കി. വാര്‍ത്തയോട് ബൈജൂസ് അധികൃതര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കമ്പനിയെ നിലനിര്‍ത്താനുമുള്ള പരിശ്രമത്തിലാണ് ഉടമയായ ബൈജു രവീന്ദ്രന്‍. ഇതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ വായനാ പ്ലാറ്റ്‌ഫോം എപികിനെ വില്‍ക്കാനൊരുങ്ങുകയാണ് ബൈജൂസ്. 40 കോടി ഡോളറിന്റെ വില്‍പ്പനയാണ് ഇത്. ഇതിനിടെ 120 കോടി ഡോളര്‍ വായ്പ്പയുടെ പലിശ അടയ്ക്കാത്തതിനെ തുടര്‍ന്നുള്ള നിയമനടപടികളും ബൈജൂസിന് കുരുക്കായിട്ടുണ്ട്.

ഒരിക്കല്‍ 500 കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ 40 കോടി ഡോളറാണ് വ്യക്തിപരമായി കടമെടുത്തിരിക്കുന്നത്. തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ തന്റെ മുഴുവന്‍ ഓഹരികളും പണയംവെച്ചാണ് ഈ തുക വായ്പ്പയെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ച 80 കോടി ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

pathram:
Leave a Comment