ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിയെ 2 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്നു നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയാണ്, രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം സുരേഷ് ഗോപിയെ വിട്ടയച്ചത്.

നടക്കാവ് പൊലീസ് സ്റ്റേഷനു പുറത്തെത്തിയ സുരേഷ് ഗോപി കാറിന്റെ സണ്‍ റൂഫിലൂടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കാത്തുനിന്ന പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞ അദ്ദേഹം പ്രകോപനമില്ലാതെ പിരിഞ്ഞു പോവണമെന്ന് അഭ്യര്‍ഥിച്ചു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. കെ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയ നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിപാടികള്‍ റദ്ദാക്കിയാണ് വന്നത്. അവരുടെ കരുതലിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

രാവിലെ സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് നടക്കാവ് ഇംഗ്ലീഷ് പള്ളിയില്‍ നിന്നും ബിജെപി നേതാക്കള്‍ സ്‌റ്റേഷനിലേക്ക് പദയാത്ര സംഘടിപ്പിച്ചിരുന്നു. ‘കോഴിക്കോട് എസ് ജിയ്‌ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. വേട്ടയാടാന്‍ വിട്ടുതരില്ല എന്ന ബാനറും പിടിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.

pathram desk 1:
Related Post
Leave a Comment