വധശിക്ഷയില്‍ ഒപ്പുവെച്ച പേന ജഡ്ജി മേശയിൽ കുത്തി ഒടിച്ചു; ഇപ്പോഴും തുടരുന്ന രീതി

കൊച്ചി: ആലുവയില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ അഞ്ചു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് തൂക്കുകയര്‍ വിധിച്ച് 197 പേജ് വിധിന്യായത്തില്‍ ഒപ്പുവെച്ച ശേഷം ജഡ്ജി കെ സോമന്‍ പേനയുടെ നിബ് മേശപ്പുറത്ത് കുത്തി ഒടിച്ച ശേഷം അത് ജീവനക്കാര്‍ക്ക് കൈമാറി. വധശിക്ഷ വിധിച്ച് ഒപ്പുവെച്ച പേനകള്‍ ന്യായാധിപന്മാര്‍ തുടര്‍ന്ന് ഉപയോഗിക്കാറില്ല. ഇത്തരം പേനകള്‍ കോടതി ജീവനക്കാര്‍ നശിപ്പിച്ച് കളയുകയാണ് പതിവ്.

ഏറെ അര്‍ത്ഥതലങ്ങളുള്ള ഈ രീതി ബ്രിട്ടീഷ് ഭരണകാലം മുതല്‍ ചെയ്ത് പോരുന്നതാണ്. പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് മൂലം ഉണ്ടാകുമെന്ന് കരുതുന്ന കുറ്റബോധത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന് വേണ്ടിയാണ് പേനയുടെ നിബ് ഒടിക്കുന്നത് എന്ന് പറയപ്പെടുന്നു. വധശിക്ഷ വിധിച്ച് കൊണ്ടുള്ള വിധിന്യായത്തില്‍ ഒപ്പുവെയ്ക്കാന്‍ ഉപയോഗിക്കുന്ന പേന തുടര്‍ന്നും ഉപയോഗിക്കുന്നത് വിശുദ്ധമല്ല എന്ന ചിന്തയും ഇതിന് പിന്നിലുണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.

വിധി പ്രസ്താവത്തിനിടെ, ജഡ്ജി കെ സോമന്‍ സമൂഹത്തിന് സന്ദേശം നല്‍കുന്നതിന് നെല്‍സണ്‍ മണ്ടേലയുടെ വാചകം ഉദ്ധരിച്ചു. കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ സമൂഹത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കുമെന്ന നെല്‍സണ്‍ മണ്ടേലയുടെ വാചകമാണ് ജഡ്ജി കെ സോമന്‍ വിധി ന്യായത്തില്‍ രേഖപ്പെടുത്തിയത്.

pathram desk 1:
Related Post
Leave a Comment