ഏറ്റവും വലിയ ഇമ്മ്യുണിറ്റി ഗുളിക ഏതാണ്….?

ആരോഗ്യത്തോടെ ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഇന്നത്തെ കാലത്ത് ഫിറ്റ്‌നസ്, ഭക്ഷണം എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തവരാണ് കുടുതല്‍ പേരും. അങ്ങനെയാണഎങ്കിലും ഉറക്കത്തിന് അത്ര പ്രാധാന്യം കൊടുക്കാത്തവരാണ് പലരും. വ്യായാമം ചെയ്യുന്നതും ഡയറ്റിങ്ങും മാത്രമാണ് ശരീരത്തിനു പ്രധാനം എന്നു കരുതുന്നവര്‍. എന്നാല്‍ മതിയായ ഉറക്കം ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ ദോഷങ്ങളേറെയാണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെ പരിഹാരങ്ങളിലൊന്ന് ഉറക്കമാണെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആയ ഡോ സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഉറക്കത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ്. നാലും അഞ്ചും മണിക്കൂര്‍ മാത്രമുറങ്ങി അതിരാവിലെ ഓടാനും നടക്കാനുമൊക്കെ പോകുന്നവര്‍ അറിയാന്‍ എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. എട്ടുമണിക്കൂര്‍ ഉറക്കം ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നു പങ്കുവെക്കുന്നതാണ് കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്…

നാലു മണിക്കൂറും അഞ്ചുമണിക്കൂറും മാത്രം ഉറങ്ങി അതിരാവിലയെണീറ്റ്, ഓടുന്നവരോടാണ്, നടക്കുന്നവരോടാണ്! ഫൈവ് എ എം ക്ലബ് ഒക്കെ നല്ലതാണ്. പക്ഷേ എട്ടുമണിക്കൂര്‍ കുറഞ്ഞത് 7 മണിക്കൂര്‍ ഉറങ്ങിയിട്ട് മതി 5 എ എം ക്ലബ് ഒക്കെ.

ഉറക്കം ആരോഗ്യമാണെന്ന്, പറഞ്ഞ് തഴമ്പിച്ച ആ പഴയ തള്ള് വീണ്ടും വീണ്ടും പറഞ്ഞു വയ്ക്കാതെ വയ്യ! ഇന്നലെ കേട്ട ഒരു കഥ! 40 വയസ്സുകാരന്‍, 24 മണിക്കൂറില്‍ 16 മണിക്കൂര്‍ ജോലി. നാലു മണിക്കൂര്‍ ഉറക്കം , ഒരു മണിക്കൂര്‍ നടത്തണം. ആഹാരം കഴിക്കാനും കുളിക്കാനും പോലും സമയമില്ല. ജോലിചെയ്യുന്ന 16 മണിക്കൂറില്‍ ഏതാണ്ട് മുഴുവന്‍ ഭാഗവും കടുത്ത സ്ട്രസ്സ്.

രോഗങ്ങള്‍ വന്നപ്പോഴാണ് തിരിച്ചറിവ്. ഉറക്കം തലച്ചോറിനെയും സര്‍വ്വ നാഡീഞരമ്പുകളെയും മനസ്സിനെയും സര്‍വ്വതിനെയും
യുവത്വത്തില്‍ തന്നെ നിലനിര്‍ത്തും.

എട്ടുമണിക്കൂര്‍ 7 മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ പിന്നെ രണ്ടു മണിക്കൂറോ അഞ്ചുമണിക്കൂറോ നടന്നിട്ടും ഒരു കാര്യവുമില്ല. ഈ അടുത്തകാലത്ത് ഒരു സൂപ്പര്‍സ്റ്റാറിന്റെ വീരവാദം കേള്‍ക്കാനിടയായി. അദ്ദേഹം അതിരാവിലെ രണ്ടുമണിക്ക് കിടന്നാലും നാലുമണിക്ക് ഓടാന്‍ പോകുമത്രേ.
സൂപ്പര്‍സ്റ്റാര്‍ സാര്‍ ആയാലും എട്ടു മണിക്കൂര്‍ ഉറങ്ങണം കുറഞ്ഞത് 7. ഇല്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും

ഉറക്കത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും നല്ലോണം കടന്നുപോണം. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സര്‍വ്വതും രോഗവിമുക്തമാകും. രോഗ പ്രതിരോധശേഷിയെങ്കിലും കൂടും.

ഇന്നലെയും കൂടി ഇമ്മ്യൂണിറ്റി കൂട്ടാന്‍ ഗുളിക തപ്പി ഒരു ഐടി ചേട്ടന്‍ എത്തിയിരുന്നു. പോയി ഉറങ്ങടോ എന്ന് ഞാന്‍ പറഞ്ഞു. ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്. അതില്ലാതെ അതിരാവിലെ എണീറ്റ് നടന്നിട്ടും ഓടിയിട്ടും കാര്യമില്ല. തരികിട ഇമ്മ്യൂണിറ്റി ഗുളിക കഴിച്ചിട്ടും കാര്യവുമില്ല. ആദ്യം ഉറക്കം, പിന്നീട് നടത്തം! ഉറങ്ങാതെ ഓടുന്നവര്‍ സൂക്ഷിച്ചോളൂ!..

pathram desk 1:
Related Post
Leave a Comment