ആശ്വാസം..! പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു

മുംബൈ: അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ പണനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഇത്തവണത്തെ പണ വായ്പാനയ യോഗത്തിലും റിസർവ് ബാങ്ക് നിരക്കിൽ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനവും അഞ്ചാം തവണയും 6.5ശതമാനത്തിൽ നിലനിർത്തി. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയർത്തിയ സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആർബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് കർശന നടപടികളുമായി മുന്നോട്ടുപോകുകയുമാണ്. മൺസൂൺ ലഭ്യതക്കുറവും അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടവുമൊക്കെ എംപിസി യോഗത്തിൽ ചർച്ചയായി.

ഓഗസ്റ്റിലെ നയ പ്രഖ്യാപനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് വിപണിയിലുണ്ടായത്. ഉയർന്ന നിലവാരത്തിൽനിന്ന് തക്കാളിയുടെ വില താഴ്ന്നു. അതോടൊപ്പം പണപ്പെരുപ്പ നിരക്കുകളിലും കുറവുണ്ടായി. വളർച്ചാധിഷ്ഠിത നിലപാട് തുടരുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധനവിൽനിന്ന് ഇത്തവണയും വിട്ടുനിൽക്കുന്നത്. ആറംഗ സമിതിയിൽ അഞ്ച് പേരും നിരക്ക് വർധനവിനെതിരെ വോട്ട് ചെയ്തു.

വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ കൊണ്ടുവന്ന ഇൻക്രിമെന്റൽ കാഷ് റിസർവ് റേഷ്യോ(ഐസിആർആർ) പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. മിച്ചമുണ്ടായിരുന്ന ലിക്വിഡിറ്റി കമ്മിയാതിനെതുടർന്നാണിത്. ഉത്സവ സീസൺ വരുന്നതിനാൽ വായ്പാ ഡിമാന്റിനെ ബാധിക്കാതിരിക്കാൻ മതിയായ പണലഭ്യത വിപണിയിൽ നിലനിർത്താനും ആർബിഐ ലക്ഷ്യമിടുന്നു.

pathram desk 1:
Related Post
Leave a Comment