കൊല്ലം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനക്കേസിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിർദേശം.
പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കാൻ കോടതി നിർദേശിച്ചു. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് ആണ് കേസിൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസിൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, കേസെടുക്കാതിരുന്നതോടെയാണ് കോടതിയിൽ ഹർജി നൽകിയത്.
കേസിൽ പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. ഫെനി ബാലകൃഷ്ണൻ, കൊട്ടാരക്കര ജയിൽ സൂപ്രണ്ട്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. നേരത്തെ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ഗണേഷ് കുമാർ മന്ത്രിസഭയിൽ തിരിച്ചെത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടക്കാതെ പോയി. ഇതിലുള്ള വിരോധവും അകൽച്ചയും ഗണേഷിന് താനുമായി ഉണ്ടായിരുന്നതായി ഉമ്മൻചാണ്ടി മൊഴി നൽകിയിരുന്നു. ഈ മൊഴിയടക്കം പരിശോധിച്ചശേഷമാണ് ഗൂഢാലോചനക്കേസിൽ ഗണേഷ് കുമാറിനെ രണ്ടാം പ്രതിയും, പരാതിക്കാരിയെ ഒന്നാം പ്രതിയുമാക്കി കൊട്ടാരക്കര കോടതി തുടർനടപടികളിലേക്ക് കടന്നത്.
Leave a Comment