കര്‍ണാടകയിലെ ചില ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്‌

കര്‍ണാടകയിലെ ചില ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: കര്‍ണാടകയില്‍ വരുംദിവസങ്ങളില്‍ ചില ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കളെ തിരിച്ചെത്തിക്കാന്‍ സജീവ നീക്കങ്ങം നടക്കുകയാണ്. 2019ല്‍ കോണ്‍ഗ്രസ്‌ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി.യിലേക്ക് പോയ നേതാക്കളും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി പുനഃപ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുമായി ചില ബി.ജെ.പി എം.എല്‍.എമാര്‍ ചര്‍ച്ച നടത്തിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്‌സഭാ, ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് പാര്‍ട്ടിവിട്ടുപോയ പ്രമുഖ നേതാക്കളെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. അതേസമയം, പാര്‍ട്ടിവിട്ടുപോയ നേതാക്കളെ ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം അനുമതി നല്‍കിയതെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോക്‌സഭാതിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്തെ ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ശിവകുമാറിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പി യശ്വന്തപുര എം.എല്‍.എയും മുന്‍ സഹകരണമന്ത്രിയുമായ എസ്.ടി. സോമശേഖര്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയും കൂടുമാറ്റ നീക്കം സജീവമാണെന്ന അഭ്യൂഹം ശക്തിപ്പെടുത്തി. ശിവകുമാര്‍ തന്റെ രാഷ്ട്രീയ ഗുരുവാണെന്നും സഹകരണ മേഖലയില്‍ തന്റെ വളര്‍ച്ചയില്‍ സഹായമേകിയത് ശിവകുമാറാണെന്നുമായിരുന്നു സോമശേഖറിന്റെ പ്രതികരണം. ശിവകുമാറിനൊപ്പം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോഴായിരുന്നു സോമശേഖര്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത്.

സോമശേഖറിന് പുറമേ ശിവറാം ഹെബ്ബര്‍, ബൈരതി ബസവരാജ്, കെ. ഗോപാലയ്യ തുടങ്ങിയ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിയുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതില്‍ നേരത്തെ ജെഡിഎസ് നേതാവായിരുന്ന ഗോപാലയ്യ ഒഴികെ മറ്റുള്ളവരെല്ലാം കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ ബിജെപി എംഎല്‍എയായ മുനിരത്‌നയും തിരിച്ചുവരുന്ന നേതാക്കളുടെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും തുടര്‍ചര്‍ച്ചകളില്‍ അദ്ദേഹം നിലപാട് മാറ്റിയെന്നാണ് വിവരം. എംഎല്‍എ സ്ഥാനം രാജിവെച്ച് വന്നാല്‍ എംഎല്‍സി സീറ്റ് നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തിന് മുന്നില്‍വെച്ച നിര്‍ദേശം. എന്നാല്‍, എംഎല്‍എയായി തുടരാന്‍ ആഗ്രഹിക്കുന്നതിനാല്‍ മുനിരത്‌ന വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നാണ് വിവരം.

2019ല്‍ കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നുമായി 17 എം.എല്‍.എ.മാരായിരുന്നു രാജിവെച്ചത്. ഇതില്‍ 16 പേരും ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തകര്‍ന്നടിഞ്ഞതോടെ ഇവരില്‍ പലരും കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായാണ് സൂചന. നേതാക്കളെ തിരികെയെത്തിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.

തിരിച്ചുവരാന്‍ തയ്യാറായ നേതാക്കള്‍ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചവരാണെന്നും അവര്‍ മടങ്ങിവരുന്നതിനെ പാര്‍ട്ടി അംഗങ്ങളാരും എതിര്‍ക്കില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര്‍ പ്രതികരിച്ചു.

pathram:
Related Post
Leave a Comment