സ്വപ്നയുടെ വെളിപ്പെടുത്തൽ: ചോദ്യം ചെയ്യലിനായി സി.എം. രവീന്ദ്രൻ ഇ.ഡി. ഓഫീസിലെത്തി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഓഫീസിലെത്തി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.

വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിക്കുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്നിവ അറിയുകയാണ് ഇ.ഡി.യുടെ ലക്ഷ്യം.

ആദ്യ നോട്ടീസിൽ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിർദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്നുതവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഹാജരായത്.

pathram desk 1:
Related Post
Leave a Comment