ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല് ചെറുവിമാനങ്ങള്‍ അനുവദിച്ചു. പരീക്ഷണ പറക്കല്‍ സംബന്ധിച്ച് പൈലറ്റുമാര്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള ജോലികള്‍കൂടി അടിയന്തരമായി പൂര്‍ത്തീകരിച്ചാല്‍ മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട് നാല് വിമാനവും എയര്‍സ്ട്രിപ്പിലേക്ക് കൈമാറുമെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

എന്‍.സി.സി കേഡറ്റുകള്‍ക്ക് ചെറുവിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചതാണ് സത്രം എയര്‍സ്ട്രിപ്പ്. റണ്‍വേയില്‍ പരീക്ഷണ പറക്കല്‍ വിജയമായതോടെ അധികം താമസിയാതെ ഇവിടെനിന്നും എന്‍.സി.സി കുട്ടികള്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങും.

ഏത് സമയത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും നടക്കുന്ന ജില്ലയായതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ ദുരന്ത നിവാരണ സെന്റര്‍ എന്ന നിലയില്‍കൂടി സത്രം എയര്‍സ്ട്രിപ്പിനെ ഉയര്‍ത്തണമെന്നും കാട്ടുതീ അണയ്ക്കാന്‍ ഹെലികോപ്റ്റര്‍ സംവിധാനം ഇവിടെ സജ്ജമാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാഴൂര്‍ സോമന്‍ പറഞ്ഞു. ശബരിമലയിലേക്ക് എയര്‍സ്ട്രിപ്പില്‍നിന്ന് അധികം ദൂരമില്ലാത്തതിനാല്‍ തീര്‍ഥാടന ടൂറിസം പദ്ധതിക്ക് ഊന്നല്‍ നല്‍കി സൗകര്യങ്ങള്‍ ഒരുക്കിയാല്‍ നാടിന്റെ മുഖച്ഛായ മാറ്റാനാകുമെന്ന് സ്ഥലം എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാരിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

15 കോടി രൂപയോളം എയര്‍സ്ട്രിപ്പിനായി സര്‍ക്കാര്‍ ചെലവഴിച്ചു. എയര്‍സ്ട്രിപ്പിന്റെ 97 ശതമാനത്തിലേറെ പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സിഗ്‌നല്‍ ലൈറ്റുകള്‍ പിടിപ്പിക്കല്‍, ഷോള്‍ഡര്‍ വികസിപ്പിക്കല്‍ തുടങ്ങിയ ജോലികളാണ് ഇനി അവശേഷിക്കുന്നത്. എയര്‍സ്ട്രിപ്പിന് തൊട്ടടുത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് നവീകരിച്ച് കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും താമസ സൗകര്യം ഒരുക്കുമെന്നും ഇത് പൂര്‍ത്തിയായാല്‍ പരിശീലനം ആരംഭിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment