കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി. ശശി തരൂരിന്റെ പരിപാടി എം.കെ. രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷണ കമ്മിഷനെ വെക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും എന്ന പരിപാടി കോണ്‍ഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവാഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയുടെ സംഘാടകരായി വരികയായിരുന്നു.
ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ സംസാരിക്കവേ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റിനെതിരേയും രാഘവന്‍ പരോക്ഷവിമര്‍ശനം ഉന്നയിച്ചു. ശശി തരൂരിന്റെ പരിപാടിയ്ക്കായി ലോകം കാത്തിരിക്കുകയാണ്. കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല. ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട ഡി.സി.സി. നേതാക്കാളോട് ആലോചിച്ചാച്ചാണ് പരിപാടി തീരുമാനിച്ചത്. കെ. സുധാകരനും കെ. മുരളീധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നെന്നും രാഘവന്‍ പറഞ്ഞു.
ശശി തരൂരിന്റെ പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല. വിഷയത്തില്‍ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പരാതി കൊടുക്കുമെന്നും രാഘവന്‍ പറഞ്ഞു.
അതേസമയം വിഷയത്തില്‍ അന്വേഷണം വേണമെന്ന എം.കെ. രാഘവന്റെ ആവശ്യത്തിന് തരൂര്‍ പിന്തുണ അറിയിച്ചു. ഇത്തരം പരിപാടി മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണം. അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നു സ്ഥലം എം.പി. എന്ന നിലയില്‍ രാഘവന് അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിന് സ്വീകരണം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. സംഘപരിവാറിനെതിരായ പരിപാടിയില്‍ പങ്കെടുക്കേണ്ടത് ഉത്തരവാദിത്വമാണ്. കെ. സുധാകരന്റെ അനുവാദം വാങ്ങിയാണ് പരിപാടിയ്‌ക്കെത്തിയത്. ശശി തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്തെങ്കിലും സംഭവിക്കുമെന്ന ഭയമില്ലെന്നും നിലപാട് പ്രഖ്യാപിച്ച് മുന്നോട്ട് പോകുമെന്നും റിജില്‍ കൂട്ടിച്ചേര്‍ത്തു
Leave a Comment