കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ല. അത് യാഥാര്‍ഥ്യമാകണം. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിച്ചു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പദവിയിലിരുന്ന് താങ്കള്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വര്‍ഗീസിനോട് ആരാഞ്ഞു. കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടേഷന്‍ കാലാവധി അധ്യാപനപരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ കാലയളവിലെ പ്രവൃത്തിപരിചയത്തെക്കുറിച്ച് പ്രിയാ വര്‍ഗീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കുണ്ടെന്നാണ് പ്രിയാ വര്‍ഗീസിന്റെ നിലപാട്. തനിക്ക് പത്തുവര്‍ഷത്തെ പരിചയമുണ്ടെന്ന് അവര്‍ വാദിക്കുന്നു. ഡെപ്യൂട്ടേഷന്‍ കാലയളവും അധ്യാപനപരിചയമായി കണക്കാക്കാം എന്നതാണ് ഇവരുടെ വാദം. ഇതേ വാദമാണ് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറും കോടതിയില്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, ഇത് യു.ജി.സി. അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കോടതികൂടി സമാനചോദ്യങ്ങള്‍ ഉന്നയിക്കുന്നതോടെ പ്രിയാ വര്‍ഗീസിന്റെ നിയമനം റദ്ദാവാനാണ് സാധ്യത.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വര്‍ഗീസിന്റെ യോഗ്യത പരിശോധിച്ചിരുന്നോയെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പ്രിയാ വര്‍ഗീസിന്റെ അധ്യാപന പരിചയം പരിശോധിച്ചതില്‍ വ്യക്തതയില്ലെന്ന് കണ്ണൂര്‍ രജിസ്ട്രാര്‍ക്കും കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായിരുന്നു
Leave a Comment