ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും; 10,000 ജീവനക്കാരെ പിരിച്ചുവിടും

ന്യൂഡല്‍ഹി: ട്വിറ്ററിനും, മെറ്റയ്ക്കും പിന്നാലെ ആമസോണും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്ന് ചെലവ്‌ ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് കമ്പനി.

ആ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചേക്കും 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. അങ്ങനെയെങ്കില്‍ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയായിരിക്കും ഇത്. എന്നാല്‍ ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്.

അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് അവസരങ്ങള്‍ തേടണമെന്ന നിര്‍ദേശവും നല്‍കി. സാധാരണ നല്ലരീതിയില്‍ കച്ചവടം നടക്കുന്ന സമയത്ത് പോലും വളര്‍ച്ച മന്ദഗതിയിലായെന്ന് ആമസോണ്‍ പറയുന്നു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനിടയുണ്ടെന്ന സാഹചര്യത്തിലാണ് ചെലവ്‌ ചുരുക്കല്‍ നടപടികള്‍ക്കൊരുങ്ങിയിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്ഥാപനമായ മെറ്റയും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ്‌ ചുരുക്കല്‍ നടപടിയുടെ ഭാഗമായി ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌കും കമ്പനിയിലെ പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. മറ്റ് മുന്‍നിര ഐടി കമ്പനികളും പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

pathram:
Leave a Comment