അജ്ഞാതയെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയെ അഗതി മന്ദിരത്തിലാക്കി; മകനിൽ നിന്ന് പിഴയീടാക്കി

അടൂർ : വഴിയരികിൽ കണ്ടതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അമ്മയെ അഗതിമന്ദിരത്തിലാക്കിയ മകനിൽ നിന്ന് പിഴ ഈടാക്കി ആർഡ‍ി ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണൽ. അമ്മയ്ക്ക് സുരക്ഷിത താമസമൊരുക്കി സംരക്ഷിക്കണമെന്നും നിർദേശിച്ചു. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരുംമൂട് അനിതാ വിലാസത്തിൽ അജികുമാറിൽ നിന്നാണ് 5000 രൂപ പിഴ ഈടാക്കിയത്. മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയുടെ പരാതിയെ തുടർന്നാണ് ആർഡിഒ എ.തുളസീധരൻപിള്ള പിഴ ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ജൂലൈ 14ന് രാത്രിയിലായിരുന്നു സംഭവം. അടൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജികുമാർ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയിൽ കൊണ്ടു നിർത്തിയ ശേഷം, വയോധിക റോഡരികിൽ അപകടകരമായ നിലയിൽ നിൽക്കുന്നതായി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മഹാത്മാജനസേവന കേന്ദ്രത്തിലാക്കുകയായിരുന്നു. ഇതിനു ശേഷം അജികുമാർ മദ്യപിച്ച് മഹാത്മായിൽ എത്തി പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീടാണ് അമ്മയെ ഉപേക്ഷിക്കാനായി അജികുമാറും ഭാര്യയും കൂടി നടത്തിയ നാടകമായിരുന്നുവെന്ന് ബോധ്യമായത്. തുടർന്നാണ് മഹാത്മാ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല ആർഡിഒയ്ക്ക് പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മെയിന്റനൻസ് ട്രൈബ്യൂണൽ അജികുമാറിൽ നിന്ന് പിഴ ഈടാക്കുകയും അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് വിധിക്കുകയും ചെയ്തത്. ഇതു ലംഘിച്ചാൽ അടൂർ ഇൻസ്പെക്ടർ നിയമനടപടി സ്വീകരിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment