സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെ.സി.ബി.സി അറിയിച്ചു.

ഒക്ടോബര്‍ രണ്ടിലെ ലഹരി വിരുദ്ധ പരിപാടികള്‍ മറ്റൊരു ദിവസം നടത്തണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ, ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തിദിവസമാക്കാനുള്ള പ്രവണത കൂടിവരുന്നു. ഇത് മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. കേരളസര്‍ക്കാരിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്. ഞായറാഴ്ച നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍ മറ്റേതെങ്കിലും ദിവസത്തേയ്ക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

pathram:
Leave a Comment