പോപ്പുലർ ഫ്രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും, ഓഫീസുകള്‍ പൂട്ടും: സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇന്നലത്തെ തീയതില്‍ ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കളക്ടര്‍ക്കും പോലീസിനും അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇതോടെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങും. 1967-ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കുകയും പോലീസ് നടപടികളിലേക്ക് കടക്കുകയും ചെയ്യും.

നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതേസമയം, മറ്റുസംസ്ഥാനങ്ങളില്ലെല്ലാം ബുധനാഴ്ച രാവിലെ മുതല്‍ നിരോധനത്തിന്റെ ഭാഗമായ നടപടികള്‍ ആരംഭിച്ചിരുന്നു. പലയിടങ്ങളിലും റെയ്ഡ് നടത്തി.

ആഗോള ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം, രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയര്‍ത്തല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍, അതിനായുള്ള ധനസമാഹരണം, ആസൂത്രിത കൊലപാതകങ്ങള്‍, ഭരണഘടനാ വ്യവസ്ഥകളോടുള്ള അവഗണന, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്.), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി.), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ.), നാഷണല്‍ വിമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍, കേരള എന്നീ സംഘടനകളേയുമാണ് നിരോധിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തോടെ നിരോധനം പ്രാബല്യത്തില്‍വന്നു. ഈ മാസം 22-നും 27-നും വിവിധസംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തുകയും നേതാക്കളുള്‍പ്പെടെ ഒട്ടേറെപ്പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. അതിന്റെ തുടര്‍ച്ചയായാണ് നിരോധനം നടപ്പാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു.

pathram:
Related Post
Leave a Comment