ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രിയോടെ ഡല്‍ഹിയിലെത്തുന്ന ആന്റണി നാളെ രാവിലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മറ്റു മുതിര്‍ന്ന നേതാക്കളേയും സോണിയ വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടും രാജസ്ഥാനിലെ പ്രതിസന്ധികളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകും. അധ്യക്ഷ സ്ഥാനാര്‍ഥിയായി ഏതാണ്ട് ഉറപ്പിച്ചിരുന്ന അശോക് ഗഹ്‌ലോത് രാജസ്ഥാനില്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.
ഇതിനിടെ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. അദ്ദേഹം ഉടന്‍ ദേശീയ നേതൃത്വത്തെ കാണും. രാജസ്ഥാനില്‍ ഗഹ്‌ലോത് പക്ഷവുമായി സമവായത്തിനുള്ള നീക്കങ്ങള്‍ പൈലറ്റ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്നാണ് വിവരം.
രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ഗഹ്‌ലോത് പക്ഷത്തെ ചില എംഎല്‍എമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടും നിലവില്‍ സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റിപ്പോര്‍ട്ട് കൈമാറിയത്.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി നിലവില്‍ ശശി തരൂര്‍ അടക്കം രണ്ടുപേരാണ് നാമനിര്‍ദേശ പത്രികയുടെ ഫോം കൈപ്പറ്റിയത്. മറ്റൊരാള്‍ പവന്‍ കുമാര്‍ ബന്‍സാലാണ്. കഴിഞ്ഞ ദിവസം രണ്ടു പത്രിക സെറ്റുകള്‍ കൈപ്പറ്റിയ അദ്ദേഹം താന്‍ ഇന്ന് മത്സരത്തിനില്ലെന്ന് അറിയിച്ചു. അതേ സമയം പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതിയായ ഈ മാസം 30ന് ശശി തരൂര്‍ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Comment