കാട്ടാക്കടയിലെ ആക്രമണം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരായ അഞ്ചുപേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി. പൂവച്ചാല്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ആമച്ചല്‍ കുച്ചപ്പറം ഗ്രിരേഷ്മ ഭവനില്‍ പ്രേമനന് മര്‍ദനമേറ്റ സംഭവത്തിലാണ് നടപടി. ഇന്ന് പെണ്‍കുട്ടിയുടെ മൊഴികൂടി ചേര്‍ത്താണ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ കൂടി ജീവനക്കാര്‍ക്കെതിരെ ചുമത്തിയത്. ഇതോടെ അറസ്റ്റിനുള്ള സാഹചര്യവുമൊരുങ്ങി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി മിലന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇവര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയത് എന്ന് ആരോപിച്ച് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മൊഴികൂടി രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയത്.

മലയിന്‍കീഴ് മാധവകവി ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ രേഷ്മയുടെ കണ്‍സെഷന്‍ കാര്‍ഡ് പുതുക്കാന്‍ ചൊവ്വാഴ്ച 11 മണിയോടെയാണ് പ്രേമനന്‍ രേഷ്മയ്‌ക്കൊപ്പം ഡിപ്പോയിലെത്തിയത്. രേഷ്മയുടെ സഹപാഠി അഖിലയും ഒപ്പമുണ്ടായിരുന്നു.

കണ്‍സെഷന്‍ പുതുക്കാന്‍ നല്‍കിയപ്പോള്‍ ജീവനക്കാരന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. മൂന്നു മാസം മുന്‍പ് കണ്‍സെഷന്‍ എടുത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും ഇനിയും അതിന്റെ ആവശ്യമില്ലല്ലോ എന്നും പ്രേമനന്‍ പറഞ്ഞപ്പോഴാണ് തര്‍ക്കമായത്. തുടര്‍ന്ന് കയ്യാങ്കളിയിലേക്കെത്തുകയും ജീവനക്കാര്‍ ഇവരെ മര്‍ദിക്കുകയുമായിരുന്നു.

pathram:
Related Post
Leave a Comment