നിര്‍ണായക ചര്‍ച്ച: ഭാരത് ജോഡോ യാത്രയ്ക്ക് താല്‍ക്കാലിക ഇടവേള നല്‍കി രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക്

ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്ക് താല്‍ക്കാലിക ഇടവേള നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക്. നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ പിറ്റേന്നു ചാലക്കുടിയില്‍നിന്നു യാത്ര തുടരും.

അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തരമായി ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കെ.സി ആലപ്പുഴയില്‍നിന്ന് ഡല്‍ഹിയിലേക്കു പോയി. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സംഘടനാപരമായ ചര്‍ച്ചയ്ക്കാണ് വിളിപ്പിച്ചതെന്നാണ് വിവരം.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്ന പ്രമേയം പാസാക്കുമെന്ന് കെപിസിസി അറിയിച്ചു. ഭാരത് ജോഡോ യാത്ര കേരളം വിട്ടതിനു ശേഷം ഇതിനായി കെപിസിസി യോഗം ചേരും. എന്നാല്‍ രാഹുല്‍ കേരളത്തിലുള്ളപ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയെന്ന് ഗ്രൂപ്പുകള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ് പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ്പ് അറിയിച്ചു.

pathram:
Leave a Comment