തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ തെരുവ് നായ ആക്രമണം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആക്രമിക്കുകയാണ് തെരുവ് നായക്കൂട്ടം. പുറത്തിറങ്ങാന്‍ തന്നെ ഭയപ്പെടുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. സ്‌കൂളിലേക്കും മദ്രസകളിലേക്കും പോയ വിദ്യാര്‍ഥികളും സ്‌കൂളിലേക്ക് പോയ അധ്യാപകനും കടിയേറ്റു. കുട്ടികളെ ഒറ്റക്ക് പുറത്ത് അയക്കാന്‍ തന്നെ പല രക്ഷിതാക്കളും മടിക്കുകയാണ്.
പാലക്കാട് ഇന്ന് മാത്രം കുട്ടികള്‍ അടക്കം അഞ്ച് പേര്‍ക്കാണ് തെരുവ് നായയുടെ ആക്രമുണ്ടായത്. മേപ്പറമ്പ് സ്വദേശി നെതറിനെ തെരുവ് നായ കടിച്ചു. മേപ്പറമ്പ് നെല്ലിക്കാട് മദ്രസയില്‍ പോയ കുട്ടികള്‍ക്ക് നേരെ തെരുവ് നായ കുതിച്ചെത്തിയപ്പോള്‍ കുട്ടികളെ രക്ഷിക്കാന്‍ ചെന്നതായിരുന്നു നെതര്‍. കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാളെ തെരുവ് നായ കടിച്ചത്. കാലിലും കൈയിലും കടിയേറ്റ നെതറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെന്മാറയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കും കടിയേറ്റു. അനശ്വര എന്ന കുട്ടിക്കായിരുന്നു സ്‌കൂളിലേക്ക് വരുന്ന വഴി തെരുവ് നായയുടെ കടിയേറ്റത്.
തോട്ടട സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുമ്പില്‍ വെച്ച് അധ്യാപകനായ ബാബുവിന് നേര്‍ക്കും തെരുവ് നായ ആക്രമണമുണ്ടായി. വരാന്തയില്‍ കൂടി പോകുന്ന വഴിയായിരുന്നു ആക്രമണമെന്നും പേടിപ്പെടുത്തുന്ന അവസ്ഥയാണെന്നും അധ്യാപകന്‍ ബാബു പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസിയായ മൂന്ന് വയസുകാരനെ കടിച്ച പട്ടിക്ക് കഴിഞ്ഞ ദിവസം പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.
കൊല്ലം കരുനാഗപ്പള്ളിയില്‍ കുട്ടികളെ തെരുവ് നായകള്‍ കടിക്കാനോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അവിട്ടം ദിനത്തില്‍ പാലുമായി മടങ്ങുമ്പോഴായിരുന്നു പന്ത്രണ്ടുകാരായ നന്ദ കിശോര്‍, അനന്തു എന്നിവരെ നായകള്‍ ഓടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം. കടയില്‍ നിന്ന് പാല്‍ വേങ്ങാന്‍ വേണ്ടി പോയതായിരുന്നു കുട്ടികള്‍. കൂട്ടം കൂടി നിന്ന തെരുവുനായകളില്‍ ഒരെണ്ണം ഇവരെ ഓടിക്കുകയായിരുന്നുവെന്നാണ് വിവരം. ഓടി വീട്ടില്‍ കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
കണ്ണൂരിലേയും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂരിലെ ചാലയില്‍ ഇന്ന് പേ വിഷബാധയേറ്റ് ഒരു പശു ചത്തു. കഴിഞ്ഞ ദിവസം മുതല്‍ അസ്വസ്ഥതകള്‍ കാട്ടിത്തുടങ്ങിയ പശു ഇന്ന് രാവിലെയോടെ ചാകുകയായിരുന്നു. പശുവിന് എങ്ങനെ പേ വിഷബാധയുണ്ടായി എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടില്ല. പുല്ലില്‍ നിന്നായിരിക്കാം പേ വിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുള്ളവര്‍ക്കും പശുവുമായി അടുത്തിടപഴകിയവര്‍ക്കും പ്രതിരോധ വാക്‌സിന്‍ എടുക്കും.
കണ്ണൂരില്‍ തന്നെ തെരുവ് നായക്കൂട്ടം കുറുകെ ചാടി നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിഞ്ഞു. െ്രെഡവര്‍ അടക്കം നാലുപേര്‍ക്ക് പരിക്കു പറ്റി. കണ്ണൂര്‍ ഇരിട്ടിയിലായിരുന്നു സംഭവം. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുഴിച്ചിട്ട നായകളുടെ ജഡം പുറത്തെടുക്കും. ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്യും. വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇത്. നായകള്‍ കൂട്ടത്തോടെ ചത്തതില്‍ അസ്വാഭാവികതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡം പുറത്തെടുക്കുന്നത്.
അതേസമയം പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാന്‍ അനുമതിക്ക് കേരളം സുപ്രീം കോടതിയോട് അഭ്യര്‍ഥിക്കും. തെരുവുനായശല്യം തടയാന്‍ സംസ്ഥാനത്ത് പുതിയ കര്‍മപദ്ധതി നടപ്പാക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി ഇക്കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തി.
28ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ നായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും അനുമതി തേടുമെന്ന് എം.ബി. രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വന്ധ്യംകരണ പ്രക്രിയയില്‍നിന്ന് കുടുംബശ്രീയെ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് നായകളുടെ ജനനനിയന്ത്രണ പ്രക്രിയക്ക് തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു
Leave a Comment