കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ കാരിയർ മാരാണെന്നു പൊലീസ് പറഞ്ഞു. കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
2000, 500 രൂപയുടെ നോട്ടുകളാണു പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിക്കു കൊടുക്കാൻ ചെന്നൈയിൽനിന്നു കൊണ്ടുവന്നതാണു പണമെന്നു കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെ കട്ടപ്പന – പുളിയൻമല പാതയിലെ ഹിൽടോപ് വളവിലാണു കാർ തടഞ്ഞു പണം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ ടോണി ജോൺ, പി.ജെ.സിനോജ്, സിപിഒമാരായ വി.കെ.അനീഷ്, പി.എസ്.സുബിൻ, അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണു പണം കണ്ടെത്തിയത്. പണം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു.
Leave a Comment