സപ്ലൈകോ;13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കും

ന്യൂഡൽഹി: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കി ഉടൻ ഉത്തരവ് പുറത്തിറക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി. ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നാൽ, പാക്കറ്റിൽ വിൽക്കുന്ന ചില ഭക്ഷ്യോത്പന്നങ്ങൾക്ക് ജി.എസ്.ടി. ചുമത്തി വിലകൂട്ടി വിൽക്കുന്നതായി വ്യാഴാഴ്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കൂട്ടിയ ജി.എസ്.ടി. സംസ്ഥാനത്ത് നടപ്പാക്കില്ലെന്നല്ല, 40 ലക്ഷത്തിൽത്താഴെ വിറ്റുവരവുള്ള കടകളിൽ കൂട്ടിയ ജി.എസ്.ടി. ഈടാക്കരുതെന്നാണ് സർക്കാർനിലപാട്. സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. ഈടാക്കുന്നില്ല. സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കൾക്ക് അപ്പപ്പോൾ പാക്ക് ചെയ്തുനൽകുന്നതാണ്. അവയ്ക്ക് ജി.എസ്.ടി. വാങ്ങില്ല. എന്നാൽ, ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് നികുതി ഈടാക്കിയിരുന്നത് തുടരും. അതിൽ സർക്കാരിനൊന്നും ചെയ്യാനാകില്ല.

അഞ്ചുശതമാനം ജി.എസ്.ടി. ചുമത്താനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിനുപിന്നാലെ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായാണ് കേരളത്തിലും ഉത്തരവിറക്കിയത്. സപ്ലൈകോയിൽ ജി.എസ്.ടി. ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment