ന്യൂഡല്‍ഹി: അറസ്‌റ്റ് ഭയന്ന് കോണ്‍ഗ്രസ് പ്രതിരോധം ശക്‌തമാക്കവേ, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) ഇന്നും ചോദ്യംചെയ്യും. ദിവസങ്ങളുടെ ഇടവേളയ്‌ക്കുശേഷം ഇന്നലെ ഇ.ഡിക്കു മുന്നില്‍ ഹാജരായ രാഹുലിനെ 10 മണിക്കൂറോളം ചോദ്യംചെയ്‌തു. ഇതോടെ നാലുദിവസങ്ങളിലായി ചോദ്യംചെയ്യല്‍ 40 മണിക്കൂറായി.
ഇന്നലെ രാവിലെ പതിനൊന്നോടെ ചോദ്യംചെയ്യലിനു ഹാജരായ രാഹുല്‍ ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് ഉച്ചഭക്ഷണത്തിനായി ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മാതാവ് സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നലത്തേക്കു മാറ്റാന്‍ രാഹുല്‍ അഭ്യര്‍ഥിക്കുകയായിരുന്നു. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ 23-നു ചോദ്യംചെയ്യലിനു ഹാജരാകണം. കോവിഡ് ബാധിച്ച് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ആശുപത്രി വിട്ടു.
ഇന്നലെ രാഹുല്‍ ഇ.ഡി. ഓഫീസില്‍ എത്തുന്നതിനു മുമ്പേ കോണ്‍ഗ്രസ് ജന്തര്‍ മന്ദറില്‍ പ്രതിഷേധം ശക്‌തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ പലയിടത്തായി നടന്ന പ്രതിഷേധങ്ങള്‍ ഇന്നലെ ജന്തര്‍ മന്ദറില്‍ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. പലയിടത്തും പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. എം.പിമാരെയടക്കം പോലീസ് തടഞ്ഞു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നഗരത്തിലേക്കുള്ള മൂന്ന് പ്രധാന റോഡുകളും രാവിലെതന്നെ അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി.
പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറും വേണുഗോപാലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള എം.പിമാരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ആവശ്യമെങ്കില്‍ പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തുമെന്നു സതീശന്‍ പറഞ്ഞു. ബാരിക്കേഡ് തീര്‍ത്ത് നേതാക്കളെ പോലീസ് തടഞ്ഞു. ഇ.ഡി. ഓഫീസിനു മുന്നിലും കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും എ.ഐ.സി.സി. ആസ്‌ഥാനത്തെ പോലീസ് അതിക്രമത്തിനെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് വേണുഗോപാല്‍, പി. ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ രാഷ്‌ട്രപതിക്കു നിവേദനം നല്‍കി. രാഹുല്‍ ഗാന്ധിയെ ഇ.ഡി. അകാരണമായി ഉപദ്രവിക്കുകയാണെന്നും എം.പിമാരെ മണിക്കൂറുകള്‍ പോലീസ് കസ്‌റ്റഡിയില്‍ വച്ചത് പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍നിന്നു പ്രകടനമായി രാഷ്‌ട്രപതി ഭവനിലേക്കു പോകാന്‍ ശ്രമിച്ച എം.പിമാരെ പോലീസ് തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കി
Leave a Comment