പാലക്കാട്: കഴിഞ്ഞ ദിവസം മുട്ടിക്കുളങ്ങരയില്‍ മരിച്ച രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകളും സംശയങ്ങളും ഏറെ. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെയും രണ്ട് പോലീസുകാരും ക്യാമ്പ് ക്വാട്ടേഴ്‌സിലുണ്ടായിരുന്നതായാണ് ജില്ലാ പോലീസ് മേധാവിയടക്കം വിശദീകരിക്കുന്നത്. വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാമ്പില്‍നിന്ന് ഇവര്‍ എങ്ങനെ പാടത്തെത്തിയെന്നത് സംബന്ധിച്ചോ എന്തിന് പോയെന്നത് സംബന്ധിച്ചോ ആര്‍ക്കും അറിവില്ല.
അതേസമയം പാടത്തിന് സമീപത്തുള്ള തോട്ടില്‍നിന്ന് മീന്‍ പിടിക്കാനോ തവള പിടിക്കാനോ മറ്റും പോയപ്പോള്‍ ഷോക്കേറ്റതാവാം മരണകാരണമെന്ന് പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഷോക്കേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെത്താനാവാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. കൃഷി നശിപ്പിക്കുന്ന പന്നികളെ പിടികൂടാന്‍ സ്ഥലത്ത് ആളുകള്‍ കെണിയൊരുക്കാറുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും നിലവില്‍ കണ്ടെത്താനായിട്ടില്ല. വൈദ്യുതക്കമ്പികള്‍ പൊട്ടിവീണതും സ്ഥലത്ത് കണ്ടെത്താനായിട്ടില്ല.
പാടത്ത് ഒരു മോട്ടോര്‍പ്പുരയുണ്ടെങ്കിലും ഇവിടെനിന്ന് ഏറെ ദൂരെയാണ് മൃതദേഹങ്ങള്‍ കിടക്കുന്നത്. ഒരാള്‍ കിടക്കുന്നിടത്തുനിന്ന് ഏകദേശം 60 മീറ്റര്‍ അകലെയാണ് മറ്റൊരു മൃതദേഹമുള്ളത്. കൈയിലുള്ള പൊള്ളലുകളാണ് ഷോക്കേറ്റ് മരിച്ചതാവാമെന്ന നിഗമനത്തിലെത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പക്ഷേ, മൃതദേഹങ്ങള്‍ ദൂരെ സ്ഥലങ്ങളില്‍ കിടക്കുന്നതിനാല്‍, ഷോക്കേറ്റ് മരിച്ചശേഷം ആരെങ്കിലും ഇരുവരെയും വ്യത്യസ്തസ്ഥലങ്ങളിലായി കൊണ്ടിട്ടതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും പ്രഥമദൃഷ്ട്യാ ഇല്ലാത്തതിനാല്‍, വിഷാംശം ഉള്‍പ്പെടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
ഇരുവരും ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ബനിയനും ട്രൗസറുമായിരുന്നു വേഷം. മരിച്ചവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഒരു ചുവന്ന കുടയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്താനായി. ക്യാന്പിലെ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് കാര്യമായ തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പാലക്കാട് രണ്ട് പോലീസുകാർ മരിച്ച സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നില്‍ പന്നിക്കെണിയാകാമെന്നാണ് പോലീസിന്റെ നിഗമനം. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ മുട്ടിക്കുളങ്ങര ഭാഗത്ത്, കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ കെണിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ പന്നിയെ പിടികൂടാന്‍ വൈദ്യുത ഷോക്ക് കെണി സ്ഥാപിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് മരിച്ചിരിക്കുന്നതെന്ന പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴിയും ഈ സാധ്യത ബലപ്പെടുത്തുന്നുണ്ട്. കൈകളിലേക്കും കാലിലേക്കും ശക്തമായി വൈദ്യുതി പ്രവഹിച്ചിട്ടുണ്ടെന്നും ഇത് ശരീരം മുറിയാന്‍ ഇടയാക്കിയെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. അതേസമയം, പന്നിക്കെണിയില്‍നിന്നല്ല ഷോക്കേറ്റതെന്ന് കണ്ടെത്തിയാല്‍ മറ്റ് സാധ്യതകളിലേക്കും കേസന്വേഷണം നീളും.
പോലീസുകാര്‍ മീന്‍ പിടിക്കാന്‍ പോയതാണെന്ന് സംശയം
മുട്ടിക്കുളങ്ങരയില്‍ മരിച്ച പോലീസുകാര്‍ പാടത്തിന് സമീപമുള്ള തോട്ടില്‍ മീന്‍ പിടിക്കാനോ മറ്റോ പോയതാകാമെന്നാണ് സംശയിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. മരണകാരണം സംബന്ധിച്ചും ഇവര്‍ എങ്ങനെ ക്യാമ്പിന് പുറത്തെത്തിയെന്നത് സംബന്ധിച്ചും വിശദാന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, മൃതദേഹം കണ്ടെത്തിയ പരിസരത്തുനിന്ന് വൈദ്യുതാഘാതമുണ്ടായതായി സംശയിക്കത്തക്ക തെളിവുകള്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മൃതദേഹങ്ങള്‍ക്ക് കുറച്ച് അകലെയായി മോട്ടോര്‍പ്പുരയുണ്ട്. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ ഡ്വാഗ് സ്‌ക്വാഡിന്റെ റോക്കിയെന്ന നായയും മണംപിടിച്ച് ഓടിയത് മോട്ടോര്‍പ്പുരയിലേക്കാണ്. ഇതില്‍നിന്ന് ഷോക്കേറ്റതാണോ, പാടത്ത് പന്നിയെ പിടികൂടാനായി ആരെങ്കിലും വൈദ്യുതക്കെണി വെച്ചതാണോയെന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
അന്വേഷണത്തിനായി ഹേമാംബിക നഗര്‍ സി.ഐ. എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, കെ.എ.പി. രണ്ട് ബറ്റാലിയന്‍ കമാന്‍ഡന്റ് അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലം പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
Leave a Comment