സിപിഎം മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായ കെവി ശശികുമാര്‍ 30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. സംഭവത്തില്‍ പ്രതികരിച്ച് എവുത്തുകാരി വികെ ദീപ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും സെന്റ് ജെമ്മാസിലേക്ക് എത്തിയത് പാറിനടന്ന ഒരു തുമ്പിയെ പിടിച്ച് മുള്ളില്‍ കോര്‍ത്ത അനുഭവം ആയിരുന്നു. എല്ലാ അധ്യാപകരെയും, അതില്‍ തന്നെ സിസ്റ്റേഴ്സിനെ കടുത്ത ഭയമായിരുന്നു. ഒന്ന് തുറന്നുചിരിച്ചാല്‍, സമീപത്തുള്ള കടകളില്‍ പോയാല്‍, കണ്ണ് എഴുതിയാല്‍, അവധിദിവസങ്ങളിലെ സ്പെഷ്യല്‍ ക്ലാസ്സില്‍ മുടി അഴിച്ചിട്ടാല്‍ തുടങ്ങി സ്‌കൂള്‍ നിറയെ വിലക്കുകളായിരുന്നു. ഒരു സ്‌കൂള്‍ മികച്ചത് എന്നതിന്റെ ലക്ഷണങ്ങള്‍ ആയിരുന്നു അതെല്ലാം. അങ്ങനെ എല്ലാത്തരത്തിലും പെണ്‍കുട്ടികളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ ഇമപൂട്ടാതെ ബദ്ധശ്രദ്ധര്‍ ആയിരുന്നവര്‍ ഉള്ള ഒരു സ്‌കൂള്‍ ആണ് കുട്ടികള്‍ക്ക് പരാതികള്‍ ഉണ്ടായിട്ടും, അവര്‍ വന്നു പറഞ്ഞിട്ടും, അത് മൂടിവെച്ച് ഇത്തരം ഒരു അധ്യാപകനെ 30 വര്‍ഷം സ്‌കൂളിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന് ഭയന്ന് അയാളുടെ സകലപ്രതാപത്തോടെയും സംരക്ഷിച്ച് പോന്നതെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. പരാതി പറയാന്‍ ചെന്നവരോട് ‘നിങ്ങള്‍ അങ്ങോട്ട് ചെന്ന് കൊഞ്ചി കുഴഞ്ഞിട്ടല്ലേ..?’ എന്ന് ആ സ്‌കൂളിലെ അധ്യാപകര്‍ ചോദിച്ചതിലെ നടുക്കവും ദീപ പങ്കുവെക്കുന്നു.
വി.കെ. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ഞാന്‍ എന്റെ എട്ടാം ക്ലാസ്സില്‍ ആണ് സര്‍വ്വസ്വതന്ത്രമായ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും മലപ്പുറം സെന്റ് ജെമ്മാസ് എന്ന എയിഡഡ് ഗേള്‍സ് ഹൈസ്‌കൂളില്‍ എത്തുന്നത്. പാറിനടന്ന ഒരു തുമ്പിയെ പിടിച്ച് മുള്ളില്‍ കോര്‍ത്ത അനുഭവം ആയിരുന്നു എനിക്കാ സ്‌കൂള്‍. എല്ലാ അധ്യാപകരെയും ഭയം. അതില്‍ തന്നെ സിസ്റ്റേഴ്സ്നെ കടുത്ത ഭയം. സ്‌കൂള്‍ നിറയെ വിലക്കുകള്‍… ഒന്ന് തുറന്നുചിരിച്ചാല്‍, സമീപത്തുള്ള കടകളില്‍ പോയാല്‍, കണ്ണ് എഴുതിയാല്‍, അവധി ദിവസങ്ങളിലെ സ്പെഷല്‍ ക്ലാസ്സില്‍ മുടി അഴിച്ചിട്ടാല്‍, ബ്രായുടെ വള്ളി യൂനിഫോമിനുള്ളിലെ പെറ്റിക്കോട്ടിനടിയില്‍ തെളിഞ്ഞു കണ്ടാല്‍ ഒക്കെ ചീത്ത കേട്ടിരുന്നു.
കുട്ടികള്‍ വഴിതെറ്റുന്നോ എന്ന് നോക്കാന്‍ അധ്യാപകര്‍ നിയോഗിച്ച കുട്ടിച്ചാരത്തികള്‍ ഞങ്ങളുടെ കുഞ്ഞു സന്തോഷങ്ങള്‍ അപ്പൊഴപ്പോള്‍ ടീച്ചര്‍മാര്‍ക്ക് കൊളുത്തിക്കൊടുത്തിരുന്നു. അവ ഞങ്ങളുടെ അഴിഞ്ഞാട്ടങ്ങള്‍ ആയി വ്യാഖ്യാനിക്കപ്പെട്ടു. ഇനി അങ്ങനെ ചെയ്യില്ലെന്ന് നൂറും ഇരുന്നൂറും തവണ ഇമ്പോസിഷന്‍ എഴുതിയിട്ടുണ്ട്. അതൊന്നും അന്ന് ഒരു തെറ്റായോ ഞങ്ങള്‍ക്ക് നേരെ ഉള്ള അനീതി ആയോ തോന്നിയിട്ടില്ല.. ഒരു സ്‌കൂള്‍ മികച്ചത് എന്നതിന്റെ ലക്ഷണങ്ങള്‍ ആയിരുന്നു അത്. അവിടെ ആണ് ഞാന്‍ പഠിക്കുന്നത് എന്നത് ഗമയും. ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് പൂര്‍ണസമാധാനവും. സാധാരണ ഒരു സ്‌കൂളിനെക്കാള്‍ അമിതാധ്വാനം ചെയ്ത് പഠിപ്പിക്കുന്ന അധ്യാപകര്‍ ആണ് അവിടെ എക്കാലത്തും ഉള്ളത്. വിദ്യാര്‍ഥി നേടേണ്ട പഠന മികവുകളില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. അതുകൊണ്ട് തന്നെ ഗുണമേന്മയില്‍ സ്‌കൂള്‍ എപ്പോഴും ഒന്നാം സ്ഥാനത്ത് ആയിരുന്നു. അന്നും..ഇന്നും…
ഇപ്പോള്‍…. ആ സ്‌കൂളിലെ ഒരു അധ്യാപകന് നേരെ ആണ് പോക്സോ പ്രകാരം ഉള്ള ലൈംഗികാരോപണം പൂര്‍വ വിദ്യാര്‍ഥിനികളില്‍ നിന്നും ഉയരുന്നത്. ഒരാളില്‍ നിന്നല്ല. പലരില്‍ നിന്നും. അതും 30 വര്‍ഷം നീണ്ട ഉപദ്രവം. ഞാന്‍ എട്ടാം ക്ലാസ്സില്‍ ആണ് ആ സ്‌കൂളില്‍ ചേര്‍ന്നത്. ഇയാളുടെ പ്രവര്‍ത്തനമേഖല യു.പി വരെ ഉള്ള ക്ലാസ്സുകള്‍ ആയതിനാല്‍ എനിക്ക് അയാളെ കണ്ടു പരിചയം മാത്രമേ ഉള്ളു.. എല്‍.പി, യു.പി ക്ലാസുകളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടവര്‍ (അന്നത്തെ കുഞ്ഞുങ്ങള്‍) ആണ് ഇപ്പോഴെങ്കിലും അത് തുറന്നു പറഞ്ഞത്. പ്രസ്സ് മീറ്റിങ് നടത്തിയത്. പരാതി കൊടുത്തത്.
30 കൊല്ലം ഇത് സഹിച്ചോ എന്ന ചോദ്യം ആണ് പൊതുജനത്തില്‍ നിന്നും ആദ്യം വരുക. Yes, സഹിച്ചുകാണണം. സമൂഹവും വീടും അങ്ങനെ ആണ് അന്ന് കുട്ടികളെ പഠിപ്പിച്ചു വെച്ചിട്ടുള്ളത്. ഇന്നും ഒരളവു വരെ അങ്ങെനെയൊക്കെ തന്നെ ആണ്. ‘പറ്റിയത്പറ്റി. ഇനി ഇത് ആരും അറിയണ്ട. വെറുതെ നാണം കെടാന്‍. ഇനി അയാളെ കണ്ടാല്‍ മാറി നടന്നോ’ എന്ന ഉപദേശത്തോടെ… ആ ഉപദേശം മറികടന്നു പരാതി പറയാന്‍ ചെന്നവരോട് ആ സ്‌കൂളിലെ അധ്യാപകര്‍ ചോദിച്ചത് ‘നിങ്ങള്‍ അങ്ങോട്ടുചെന്ന് കൊഞ്ചി കുഴഞ്ഞിട്ടല്ലേ…?’ എന്നാണ് എന്ന് പ്രസ് മീറ്റില്‍ പറയുന്നു.
ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ പഠിച്ച എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് അന്നത്തെ ഒരു മാഷ് കേട്ടെഴുത്ത് തെറ്റിയാല്‍ അല്‍പം തടിയും മാറിടവും ഉള്ള കുട്ടികളെ, കസേരക്കയ്യില്‍ വെച്ച അയാളുടെ കൈയില്‍പ്പിടിച്ച് മാറിടം അയാളുടെ ദേഹത്തു അമര്‍ത്തി നില്‍ക്കാനുള്ള ശിക്ഷ ആണ് നല്‍കിയിരുന്നത്. ബാക്കി ഉള്ളവര്‍ക്ക് ഒക്കെ നുള്ളും അടിയും. അന്നത് പീഡനം ആണെന്ന് ആര് അറിയാന്‍. ആരു പറഞ്ഞു തരാന്‍. അന്ന് മാഷിന്റെ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന കുട്ടികളോട് അസൂയ ആയിരുന്നു. മാഷിന് അവരെ അത്രയും പ്രിയം ആയതോണ്ടല്ലേ അങ്ങനെ നിര്‍ത്തുന്നത്, അവര്‍ക്ക് അടി കിട്ടാത്തത് എന്ന അസൂയ.
ഈ അടുത്തകാലത്ത് തന്റെ രണ്ടാംക്ലാസുകാരി ആയ മകള്‍ ഒരു വര്‍ത്തമാനത്തിനിടെ ‘മാഷിന് എന്നെ നല്ല ഇഷ്ടാ, എപ്പളും മടിയില്‍ ഇരുത്തും ഉമ്മ വെക്കും’ എന്നൊക്കെ പറഞ്ഞതില്‍ അപകടം മണത്ത് ആ സ്‌കൂളില്‍ ചെന്നു മാഷെ പിരിച്ചുവിടുവിപ്പിച്ച അധ്യാപികയായ എന്റെ ഒരു കൂട്ടുകാരി രക്ഷിച്ചത് സ്വന്തം മകളെ മാത്രം അല്ല, ഒരുപാട് കുഞ്ഞുങ്ങളെ ആണ്. സെന്റ് ജെമ്മാസിലെ അധ്യാപകര്‍, ‘നിങ്ങള്‍ കൊഞ്ചാന്‍ പോയിട്ടല്ലേ’ എന്ന് കുട്ടികളോട് പറഞ്ഞതില്‍ എനിക്ക് ഒട്ടും അദ്ഭുതം ഇല്ല. പെണ്‍കുട്ടികളെ സദാചാരം പഠിപ്പിക്കുന്ന, പെണ്‍കുട്ടികള്‍ക്ക് മാത്രം ആണ് സദാചാരം വേണ്ടത് എന്ന് കരുതുന്നവര്‍ ആണ് എറിയപങ്കും.
ഞാന്‍ പഠിക്കുന്ന സമയത്ത് ബസില്‍ തലകറങ്ങി വീണ കുട്ടിയെ ബസ് ജീവനക്കാര്‍ താങ്ങി സ്‌കൂളില്‍ കൊണ്ട് വന്നപ്പോള്‍, ‘അവര്‍ താങ്ങി പിടിച്ചുകൊണ്ട് വരാന്‍ വേണ്ടി അല്ലേ നീ ബോധം കെട്ടത് ‘ എന്ന് സിസ്റ്റര്‍ അവളോട് ചൂടാവുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ എല്ലാത്തരത്തിലും പെണ്‍കുട്ടികളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ ഇമപൂട്ടാതെ ബദ്ധശ്രദ്ധര്‍ ആയിരുന്നവര്‍ ഉള്ള ഒരു സ്‌കൂള്‍ ആണ് കുട്ടികള്‍ക്ക് പരാതികള്‍ ഉണ്ടായിട്ടും, അവര്‍ വന്നു പറഞ്ഞിട്ടും, അത് മൂടി വെച്ച് ഇത്തരം ഒരു അധ്യാപകനെ 30 വര്‍ഷം സ്‌കൂളിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന് ഭയന്ന് അയാളുടെ സകലപ്രതാപത്തോടെയും സംരക്ഷിച്ച് പോന്നത്.
പരാതി എഫ്.ബിയില്‍ എഴുതിയ കുട്ടിയുടെ പോസ്റ്റിനടിയില്‍ ഈ അധ്യാപകന്‍ മറുപടി എഴുതിയിട്ടത് ‘എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്‍ അസാന്നിധ്യം പകരുന്ന വേദന’ എന്നാണ്. എന്തൊരു ധൈര്യം ആണത്? അതും ഈ 56ാം വയസ്സിലും. ആ ധൈര്യം, ഇതു മൂടിവെച്ച കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയതാണ്… അയാളുടെ സഹപ്രവര്‍ത്തകരുടെ സപ്പോര്‍ട്ട് ആണ്… അയാളുടെ രാഷ്ട്രീയപിന്‍ബലം ആണ്… കുട്ടികള്‍ പരാതി പറഞ്ഞിട്ടും പ്രതികരിക്കാത്ത, അവരുടെ കൂടെ നില്‍ക്കാത്ത അധ്യാപകര്‍ ഇവിടെ കൂട്ടിക്കൊടുപ്പുകാരാണ്. അവരുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരും പ്രതികള്‍ അല്ലേ?
ഇത്തരം കാര്യങ്ങള്‍ സ്‌കൂളിന്റെ മാനം ആലോചിച്ച് ഒരുകാലത്ത് മൂടിവെച്ചാല്‍, ഏതേലും കാലത്ത് ഇതുപോലെ തിരിഞ്ഞുകൊത്തി മാനംകെടും എന്ന് എല്ലാ അധ്യാപകര്‍ക്കും ഒരു വാണിങ് ആവേണ്ടതുണ്ട്. സെന്റ് ജെമ്മാസ് മാത്രമല്ല, പല സ്‌കൂളുകളും ഇത്തരം കാര്യങ്ങള്‍ ആരും അറിയാതെ മൂടാറ് തന്നെ ആണ് പതിവ്. അത് സ്‌കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനാല്‍. പക്ഷേ കുറ്റാരോപിതനെ മാറ്റുകയോ നടപടി എടുക്കുകയോ ചെയ്ത് പരാതിക്കാരെ പരിഗണിച്ചു വിടാറുണ്ട്. അതുപോലും ഇവിടെ ഉണ്ടായില്ല എന്നാണ് പ്രസ്സ് മീറ്റ് കേള്‍ക്കുമ്ബോള്‍ മനസ്സിലാവുന്നത്.
ഈ വിഷയം പുറത്തുകൊണ്ടുവന്ന അഡ്വക്കേറ്റ് ബീനയോട്, ‘നീ ആരാ ഇത് പറയാന്‍… പീഡിപ്പിക്കപ്പെട്ടവര്‍ പറയട്ടെ…’ എന്ന കമന്റ് കണ്ടു. ആ പരാതിക്കാര്‍ ആരാ എന്നത് അറിയാഞ്ഞിട്ടുള്ള മലയാളി ആകാംക്ഷമുട്ടല്‍ ആണ് അത്. പരാതി പറയാന്‍ ധൈര്യം കാണിച്ച ഒരു ശബ്ദത്തെ എത്തിക്കാന്‍ പറ്റുന്നത്ര നീതിയുടെ ചെവികളില്‍ എത്തിക്കാന്‍ ആണ് ബീന ശ്രമിച്ചത്. ആ പരാതി വെറും എഫ്.ബി പോസ്റ്റ് മാത്രമായി മാറാതെ, വിഷയം ഇല്ലാതായി പോവാതെ. ഇങ്ങനെ ആരെങ്കിലും ഒക്കെ നീതിക്ക് വേണ്ടി, ഇരകള്‍ക്കൊപ്പം സ്വന്തം ഡാമേജ് നോക്കാതെ നടക്കുന്നത് കൊണ്ടാണ് പലരും ഉള്ളിലെ ഇത്തരം മൃഗീയതകളെ ചങ്ങലക്കിട്ട് നടക്കുന്നത്. നമ്മള്‍ സുരക്ഷിതര്‍ ആവുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉള്ള അതിക്രമങ്ങള്‍ക്ക് നേരെ തിരിച്ചറിവ് വന്ന കാലം മുതല്‍ ശബ്ദം ഉയര്‍ത്തുന്നവള്‍ ആണ് ബീന. അതിനുസഹായിക്കുന്ന വക്കീല്‍ ജോലി തന്നെ ആണ് അവള്‍ തിരഞ്ഞെടുത്തതും. ചെറുപ്പം മുതലേ ഇത്തരം കാര്യങ്ങളില്‍ ഉറച്ച നിലപാട് ഉള്ളവളാണ് പത്രസമ്മേളനത്തില്‍ കൂടെയുണ്ടായിരുന്ന മിനി ഹംസ തയ്യിലും. അവര്‍ പൂര്‍വ വിദ്യാര്‍ഥിനികള്‍ ആയിരുന്ന സ്‌കൂളിലെ ഒരു അധ്യാപകന് നേരെ നിരവധി പരാതികള്‍ കിട്ടുമ്ബോള്‍ അവര്‍ ഇതല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത്. പരാതിക്കാരോട് ഒന്നേ പറയാന്‍ ഉള്ളു… നിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന അവര്‍ക്ക് ഒപ്പം ഉറച്ചു നില്‍ക്കൂ. നിങ്ങള്‍ ആ കുഞ്ഞുപ്രായത്തില്‍ ഏറ്റ വേദനക്കും മുറിവിനും നീതിയുടെ വഴിക്ക് കണക്ക് ചോദിക്കൂ. ഇനി വഴിക്ക് വെച്ച് ഭയന്നു പിന്മാറാതെ…
Leave a Comment