സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്‍റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്‍റെ നിലപാട്. കിഫ്ബി എടുക്കുന്ന വായ്പയടക്കം സംസ്ഥാനത്തിന്‍റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. വായ്പയെടുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അടുത്തമാസം ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന ഗുരുതരാവസ്ഥയിലേക്ക് സംസ്ഥാനം കൂപ്പുകുത്തും.
സാമ്പത്തികപ്രതിസന്ധി രൂക്ഷമെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാനത്തിന് കടമെടുക്കാനായിട്ടില്ല. കടപ്പത്രങ്ങളുടെ ലേലം വഴി ഈ മാസം 2000 കോടി കടമെടുക്കാനായിരുന്നു ധനവകുപ്പിന്‍റെ ആലോചന. സാമ്പത്തികവര്‍ഷാരംഭത്തിലെ കടമെടുപ്പിന് കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമാണ്. അനുമതി തേടിയപ്പോഴാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടത്. പൊതുമേഖലാസ്ഥാപനങ്ങളെടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റെ വായ്പാപരിധിയുടെ ഭാഗമാണെന്നും കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയം നിലപാടെടുത്തു.
ഇത്തവണ കേന്ദ്രത്തിന്‍റെ നിലപാട് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും കിഫ്ബിയും അടക്കം എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്‍റെ കടമായി മാറാനിടയുണ്ട്. ഇത് സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയില്‍ ഗണ്യമായ കുറവുവരുത്തും. 28800 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളമെടുത്ത കടം. പൊതുമേഖലാ സ്ഥാപനങ്ങളെടുക്കുന്ന കടം സംസ്ഥാനത്തിന്‍റെ കണക്കില്‍ വരില്ലെന്നും മറിച്ചുള്ള വാദത്തിന് നിയമസാധുതയില്ലെന്നുമാണ് ധനവകുപ്പിന്‍റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ധനവകുപ്പ് മറുപടി നല്‍കിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിർദ്ദേശം ധനവകുപ്പിന് മുന്നിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്.
കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്പത്തിക വർഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സർക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നൽകി. റിസർവ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നൽകിയിട്ടില്ല.
മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും വായ്പയെടുക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം. 32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.സി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽപ്പെടും.
റിസർവ് ബാങ്ക് വായ്പാ കലണ്ടർപ്രകാരം ഏപ്രിൽ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറിൽ ഉൾപ്പെടുത്തിയാലും കടമെടുക്കാൻ അതത് സമയം കേന്ദ്രാനുമതി വേണം.
കടമെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയായതിനാല്‍ തുടര്‍നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ധനമന്ത്രി ചര്‍ച്ച നടത്തും. സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും പരിഗണനയിലുണ്ട്.
Leave a Comment