രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടേ? കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി. നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലെ നടപടികള്‍ മരവിപ്പിക്കുന്നതിനെ കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കണം. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എത്രകാലത്തിനുള്ളില്‍ പുനഃപരിശോധന പൂര്‍ത്തിയാക്കും എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സോളിസിറ്റര്‍ ജനറലിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ വകുപ്പ് മരവിപ്പിച്ചുകൂടെയെന്ന് കോടതി ആരാഞ്ഞത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലേയെന്ന് കോടതി ആരാഞ്ഞു. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഹനുമാന്‍ ചാലീസ ചൊല്ലുന്നവര്‍ക്ക് എതിരേപോലും ഈ വകുപ്പ് ഉപയോഗിക്കുന്നു എന്ന ആശങ്ക അറ്റോര്‍ണി ജനറല്‍ തന്നെ പങ്കുവച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളാണ് 124 എ വകുപ്പ് ചുമത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് കോടതി മരവിപ്പിക്കരുതെന്ന് സോളിസിസ്റ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. കൊളോണിയല്‍ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങള്‍ സ്വാതന്ത്ര്യത്തതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപേക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്തിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

pathram:
Leave a Comment