ശ്രീനിവാസനെ വെട്ടിയ കൊടുവാൾ കണ്ടെടുത്തു; തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ കടയിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവർത്തകരെ പോലീസ് സംഘം തടഞ്ഞു. തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം മടങ്ങി.

കഴിഞ്ഞദിവസം പിടിയിലായ അബ്ദുറഹ്മാൻ, ഫിറോസ് എന്നിവരുമായാണ് പോലീസ് സംഘം ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗസംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ബുധനാഴ്ച രാവിലെ നടന്ന തെളിവെടുപ്പിൽ അബ്ദുറഹ്മാൻ കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കല്ലേക്കോട് അഞ്ചാംമൈലിനടുത്ത ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് കൃത്യം നടത്താൻ ഉപയോഗിച്ച കൊടുവാൾ കണ്ടെടുത്തത്. ഇത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയിലായിരുന്നു. ഈ കൊടുവാൾ ഉപയോഗിച്ചാണ് അബ്ദുറഹ്മാൻ ശ്രീനിവാസനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. ശേഷം മംഗലാംകുന്നിൽ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.

pathram desk 1:
Related Post
Leave a Comment