ഹൈക്കോടതിയുടേത് അടിയന്തരാവസ്ഥയുടെ ശബ്ദം, വേതനം പോയാലും പണിമുടക്കണം: കോടിയേരി

തിരുവനന്തപുരം: ഒരു ദിവസത്തെ വേതനം നഷ്ടപ്പെട്ടാലും സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് തയ്യാറാകണമെന്നും ആ ബോധത്തിലേക്ക് ജീവനക്കാര്‍ മാറണമെന്നം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് പുറത്തുവരുന്നത്. ഇത്തരം നിലപാട് പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാകണം. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാര്‍ക്കെതിരേ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണ്. ജഡ്ജിമാര്‍ക്ക് പറയാനുള്ള കാര്യം ജഡ്ജിമാര്‍ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരല്ലേ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്ജി സുപ്രിംകോടതി ചീഫ് ജസ്റ്റിസായില്ലേ. ജഡ്ജിമാര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാന്‍ പാടില്ലെന്നാണോ എന്നും കോടിയേരി ചോദിച്ചു.

ദേശീയ പണിമുടക്കിനെ മാത്രമല്ല ഇത് ബാധിക്കുക. ജീവനക്കാരുടെ ശമ്പളവര്‍ധനയും ആനുകൂല്യത്തിന്റെയും പ്രശ്നം വന്നാല്‍ പണിമുടക്കാനുള്ള അവകാശവും ഇല്ലാതാവും. ബിജെപിയുടെ തൊഴിലാളി സംഘടന ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും ചേര്‍ന്നാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത് പ്രകാരമാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ചത്. കോടതി വിധി അനുസരിച്ച് മാത്രമേ തുടര്‍ നടപടി സ്വീകരിക്കാനാവൂ. ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാം. ജീവനക്കാര്‍ക്കും ചോദ്യംചെയ്യാം.

പുതിയ വെല്ലുവിളിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മുന്നില്‍ ഉയര്‍ന്നുവന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നഷ്ടപ്പെടും എന്ന് കണക്കാക്കി പണിമുടക്കിന് തയ്യാറെടുക്കണം. ആ ബോധത്തിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണം. പണിമുടക്കിന്റെ ഭാഗമായി വാഹനം തടയല്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജനങ്ങള്‍ സ്വയം പണിമുടക്കില്‍ പങ്കെടുക്കുകയെന്നതാണ് സമരസമിതി ഉദ്ദേശിക്കുന്നത്. മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ട്. തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങുന്ന നിലവന്നു. തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയില്‍ മുന്‍പൊരുകാലത്തുമുണ്ടായിട്ടില്ലാത്ത ജനപങ്കാളിത്തമാണുണ്ടാതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment