ആക്രമണം ശക്തമാക്കി റഷ്യ, രണ്ടാംവട്ട ചര്‍ച്ച ഇന്ന് ; ഇന്ത്യക്കാരോട് ഹാര്‍കിവില്‍ നിന്ന് ഒഴിയാന്‍ നിര്‍ദേശം

കീവ്: ഒരാഴ്ച പിന്നിടുന്ന റഷ്യ-യുക്രൈന്‍ യുദ്ധം കൂടുതല്‍ രക്തരൂഷിതമാകുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യന്‍സേന ബുധനാഴ്ച വിവിധ നഗരങ്ങളില്‍ ബോംബിട്ടു. രൂക്ഷമായ കരയുദ്ധം നടക്കുന്ന ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. കരിങ്കടല്‍ തീരനഗരമായ ഖെര്‍സോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. പോളണ്ട്- ബെലാറുസ് അതിര്‍ത്തിയില്‍ വ്യാഴാഴ്ച രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്ന് മോസ്‌കോ അറിയിച്ചു.

യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളുള്‍പ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പറഞ്ഞു. യുദ്ധഭീതിയില്‍ 8,36,000 പേര്‍ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യ, യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി കുറ്റപ്പെടുത്തി.

ഹാര്‍കിവില്‍ ആക്രമണം ശക്തമാക്കാന്‍ റഷ്യന്‍സൈനികര്‍ പാരച്യൂട്ടിലിറങ്ങി. റഷ്യയുടെ അതിര്‍ത്തിയില്‍നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ നഗരകൗണ്‍സില്‍ ഓഫീസിനുനേരെ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. ഷെല്ലാക്രമണത്തില്‍ നാലുപേര്‍ മരിച്ചെന്ന് യുക്രൈന്‍ അറിയിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍കിവിലെ പോലീസ് ആസ്ഥാനവും സര്‍വകലാശാലാ കെട്ടിടങ്ങളും റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ തകര്‍ന്നു.

ഒരാഴ്ചയ്ക്കിടെ യുക്രൈനിലെ നൂറുകണക്കിനു വീടുകളും ആശുപത്രികളും നഴ്സറികളും റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നെന്ന് അധികൃതര്‍ പറഞ്ഞു. 58 വിമാനങ്ങളും 46 ഡ്രോണുകളും 472 ടാങ്കുകളുമുള്‍പ്പെടെ യുക്രൈന്റെ 1500 യുദ്ധസാമഗ്രികള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഇക്കാര്യം നിഷേധിച്ച യുക്രൈന്‍, 5840 റഷ്യന്‍ പട്ടാളക്കാരെ വധിച്ചെന്ന് അവകാശപ്പെട്ടു.

പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചതോടെ അസംസ്‌കൃത എണ്ണയുടെയും അലുമിനിയത്തിന്റെയും വില കുതിച്ചുയര്‍ന്നു.

യുക്രൈനില്‍ യുദ്ധം മുറുകുന്ന ഹാര്‍കിവില്‍നിന്ന് വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാര്‍ ഉടന്‍ ഒഴിയണമെന്ന് ഇന്ത്യന്‍ എംബസിയുടെ അടിയന്തരനിര്‍ദേശം. കാല്‍നടയായെങ്കിലും പുറത്തുകടക്കണം. ഹാര്‍കിവ്, സുമി ഭാഗങ്ങളില്‍നിന്ന് തൊട്ടടുത്ത നഗരങ്ങളായ പെസോചിന്‍, ബാബയെ, ബെസ്ല്യുദോവ്ക എന്നിവിടങ്ങളിലെത്തണമെന്നാണ് നിര്‍ദേശം. ആക്രമണമുണ്ടായേക്കുമെന്ന് ഇന്ത്യയ്ക്ക് റഷ്യ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്.

യുക്രൈനിലെ സംഘര്‍ഷ പ്രദേശങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ സുരക്ഷിത പാതയൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍സ്ഥാനപതി ഡെനിസ് അലിപോവ് ഡല്‍ഹിയില്‍ പറഞ്ഞു. റഷ്യന്‍ പ്രദേശത്തേക്ക് സുരക്ഷിതമായി ഇന്ത്യക്കാരെ എത്തിക്കുന്നതിനുള്ള നടപടികളാണ് തയ്യാറാക്കുന്നത്.

pathram:
Leave a Comment