പാർവതി സിനിമയിൽ വന്നത്, ബാലചന്ദ്രൻ്റെ ചാറ്റ്, ശ്രീജിത്തിനെതിരായ ഉത്തരവുകൾ . . . എല്ലാം പുറത്തിട്ട് ദിലീപിൻ്റെ നീക്കം !

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ നടൻ ദിലീപും അദ്ദേഹത്തിൻ്റെ അഭിഭാഷകരും നടത്തുന്നത് തന്ത്രപരമായ നീക്കം.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസു തന്നെ നിലനിൽക്കില്ലന്നു വാദിച്ച് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതരമായ ആരോപണമാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെതിരെ നടത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ തുടരന്വേഷണം നടത്തുന്ന സംഘത്തിൻ്റെ തലവൻ ശ്രീജിത്തും, മുൻപ് അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ എ.ഡി.ജി.പി സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസും ചേർന്നൊരുക്കിയ തിരക്കഥയാണ് പുതിയ കേസെന്നതാണ് ദിലീപിൻ്റെ വാദം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ രംഗത്തു വന്ന പ്രമുഖ നടി, ശ്രീജിത്ത് കഥ എഴുതിയ സിനിമയിലൂടെ അഭിനയ രംഗത്തു വന്നതാണെന്ന ദിലീപിൻ്റെ അഭിഭാഷകൻ്റെ ഓർമ്മപ്പെടുത്തലിനു പിന്നിലും, കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. ഗൂഢാലോചന യഥാർത്ഥത്തിൽ നടന്നിരിക്കുന്നത് തനിക്കെതിരെയാണ് എന്നാണ് ദിലീപിൻ്റെ വാദം. ബി. രാമൻപിള്ള ഉൾപ്പെടെയുള്ള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകരെയും. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ മുകുൾ റോത്തഗിയെയും അണി നിരത്തിയുള്ള അന്തിമ നിയമ പോരാട്ടത്തിനാണ് ദിലീപ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.

‘വെളിപ്പെടുത്തൽ’ എന്ന രൂപത്തിൽ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെയും സംശയത്തിൻ്റെ മുൾമുനയിലാണ് ദിലീപ് നിർത്തിയിരിക്കുന്നത്.ബാലചന്ദ്രകുമാറിന് എ.ഡി.ജി.പി ശ്രീജിത്തിൻ്റെ കുടുംബവുമായി വർഷങ്ങൾക്കു മുൻപേ ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള നീക്കങ്ങളും, ദിലീപിൻ്റെ അഭിഭാഷകർ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് ബാലചന്ദ്രകുമാർ ദിലീപിൻ്റെ അടുത്ത സുഹൃത്തായ മറ്റൊരു സംവിധായകനുമായി നടത്തിയ ചാറ്റുകൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ശ്രീജിത്തിൻ്റെ സഹോദരിയുടെ മകനു സിനിമയിൽ പാടാൻ അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുന്ന ചാറ്റിൽ, പയ്യൻ്റെ അമ്മ, അതായത് ശ്രീജിത്തിൻ്റെ സഹോദരി ഒരു ജില്ലാ ജഡ്ജിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റിനു ഒടുവിൽ ”തീർച്ചയായും അതു ഗുണമേ ഉണ്ടാക്കൂ ഏവർക്കും’ എന്നു കൂടി ബാലചന്ദ്രൻ എടുത്തു പറഞ്ഞിട്ടുണ്ട്. എന്തു ഗുണമാണ് ഉണ്ടാകുക എന്നതിന് ഇനി മറുപടി പറയേണ്ടത് ബാലചന്ദ്രൻ തന്നെയാണ്. ചാറ്റിൽ ശ്രീജിത്ത് ഡി.ഐ.ജി ആണു എന്നു പറഞ്ഞതിൽ നിന്നു തന്നെ ഇതിനു വർഷങ്ങളുടെ പഴക്കമുണ്ടെന്നു വ്യക്തം. ഡി.ഐ.ജി ആയിരിക്കെയാണ് ഒരു ഡി.വൈ.എസ്.പിയെ കൈക്കൂലി കേസിൽ കുടുക്കാൻ ശ്രമിച്ചതിനു ശ്രീജിത്ത് സസ്പെൻഷനിൽ ആയിരുന്നത്. ഇതുൾപ്പെടെ ശ്രീജിത്തിനെതിരായ സകല റിപ്പോർട്ടുകളും ഹൈക്കോടതിക്കു മുൻപാകെ ദിലീപ് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ, ശ്രീജിത്തിനെതിരായ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ ഉൾപ്പെടെ ഉത്തരവുകളും ഉൾപ്പെടുന്നുണ്ട്. ഇത്രയധികം റിപ്പോർട്ടുകൾ എതിരായി ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥൻ എങ്ങനെ സർവ്വീസിൽ തുടരുന്നു എന്ന കാര്യത്തിൽ സീനിയർ അഭിഭാഷകരും അന്തംവിട്ടിരിക്കുകയാണ്.

ഇത്തരം പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥൻ ബോധപൂർവ്വം ദിലീപിനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന വാദമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. നീതി ലഭിക്കും വരെ, സുപ്രീംകോടതി വരെ പോരാടാനുള്ള ദിലീപിൻ്റെ തീരുമാനം സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂടി ഉറക്കം നഷ്ടപ്പെടുത്തുന്നതാണ്.

വകുപ്പ് തല നടപടിയിൽ നിന്നും ശ്രീജിത്തിനെ ഒഴിവാക്കാനും, ഉദ്യോഗക്കയറ്റം നൽകാനുമായി മുൻ ഡി.ജി.പിമാരും ചീഫ് സെക്രട്ടറിമാരും ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. ശ്രീജിത്തിനെതിരെ സത്യസന്ധരായ ഐ.പി.എസ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ മറികടക്കാൻ, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൊണ്ട് മറ്റൊരു റിപ്പോർട്ട് നൽകിക്കുകയും, ഇതിനു ഭരണകൂട പിന്തുണ ഉണ്ടായിട്ടുണ്ടെന്നുമാണ് ആരോപണം. ഇങ്ങനെയാണ് നടപടി എടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെയും, കേന്ദ്ര വിജിലൻസ് കമ്മീഷൻ്റെയും (സി.വി.സി) ഉത്തരവുകളെ പോലും, ശ്രീജിത്ത് മറികടന്നതെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഉത്തരവിട്ടാൽ, ശ്രീജിത്തിനെതിരെ മാത്രമല്ല, റിട്ടയർ ചെയ്ത് വീട്ടിൽ ഇരിക്കുന്ന ഉന്നതർ ഉൾപ്പെടെ കുരുക്കിലാവാനാണ് സാധ്യത.

സംസ്ഥാനത്തെ സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരിക്ക് സംസ്ഥാന പൊലീസ് മേധാവി പദവി നഷ്ടമായത്, അദ്ദേഹത്തിനെതിരെ വിജിലൻസ് കേസ് നിലവിൽ ഉള്ളതു. കൊണ്ടാണ്. അത്രയ്ക്കും സൂക്ഷ്മതയോട് കൂടിയും വിട്ടുവീഴ്ച ഇല്ലാതെയുമാണ് യു.പി.എസ്.സി നീങ്ങുന്നത്. എന്നാൽ, ക്രിമിനൽ കേസും വിജിലൻസ് കേസും ഉണ്ടായ ഘട്ടത്തിൽ പോലും, ശ്രീജിത്തിൻ്റെ ഉദ്യാഗക്കയറ്റത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. യു.പി.എസ്.സി അംഗങ്ങൾ ഉൾപ്പെട്ട പ്രമോഷൻ കമ്മറ്റിയിൽ ഇക്കാര്യം ഉന്നയിക്കേണ്ട ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവരാണ് ‘തട്ടിക്കൂട്ട് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കണ്ണടച്ചിരിക്കുന്നത്.

അതേസമയം, മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ, ഐ.ജി ലക്ഷ്മണക്ക് ഇപ്പോൾ സസ്പെൻഷൻ മാത്രമല്ല കിട്ടിയിരിക്കുന്നത്, അദ്ദേഹത്തിൻ്റെ ഉദ്യാഗക്കയറ്റവും ബന്ധപ്പെട്ട കമ്മറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു പോലെ ചെറുതും വലുതുമായ കേസുകളിൽപ്പെട്ടെ നിരവധി പൊലീസ് ഉദ്യാഗസ്ഥരാണ് ഉദ്യാഗക്കയറ്റം കിട്ടാതെ അലഞ്ഞു കൊണ്ടിരിക്കുന്നത്.

ഇക്കാര്യങ്ങൾ ചോദ്യം ചെയ്യേണ്ട മാധ്യമങ്ങളും കണ്ണടച്ചിരിക്കുകയാണ്. അതിൻ്റെ കാരണം അറിഞ്ഞാൽ പൊലീസ് സേനമാത്രമല്ല, രാഷ്ട്രീയ നേതൃത്വവും ‘ഞെട്ടുമെന്ന’ താണ് സ്ഥിതി.

എല്ലായിടത്തു നിന്നും ഇങ്ങനെ ‘തല’ ഊരിയ ഐ.പി.എസുകാരനെതിരെയാണ് ദിലീപ് ‘പൂഴിക്കടകനു’മായി രംഗത്തിറങ്ങിയിരിക്കുന്നത്.
നിലവിൽ, ദിലീപിനെതിരെ ശക്തമായ ഒരു തെളിവും ക്രൈംബ്രാഞ്ച് ഇതുവരെ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടില്ല. എന്നാൽ, അന്വേഷണ സംഘത്തിനെതിരെയും കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി പി ശ്രീജിത്തിനെതിരെയും നിരവധി ‘തെളിവുകളാണ് ‘ ദിലീപിൻ്റെ അഭിഭാഷകർ ഹാജരാക്കിയിരിക്കുന്നത്. സർക്കാറിനെ സംബന്ധിച്ചും, ഇതൊരു വലിയ തലവേദന ആയാണ് മാറാൻ പോകുന്നത്.

pathram desk 1:
Leave a Comment