തിരുവനന്തപുരം: മുന്‍ മന്ത്രി കെടി ജലീലിനെതിരേ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ലോയേഴ്‌സ് കോണ്‍ഗ്രസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. കെടി ജലീലിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി. ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ലോകായുക്തയെ മനപൂര്‍വം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെടി ജലീലിന്റെ പോസ്റ്റ്. കെടി ജലീല്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരേ കോടതിയലക്ഷ്യം ചുമത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിയമനടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്കും കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞദിവസമാണ് ലോകായുക്തയെ കടന്നാക്രമിച്ച് കെടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്. തക്കപ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നും കെടി ജലീല്‍ ആരോപിക്കുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ ആരോപണം. പിന്നാട് പോസ്റ്റ് ചെയ്ത കുറിപ്പില്‍
ലോകായുക്ത ജസ്റ്റിസിനെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകളും ജലീല്‍ പുറത്തുവിട്ടിരുന്നു.
എം.ജി സര്‍വകലാശാല വി.സിയായി ഡോ.ജാന്‍സി ജെയിംസിന്റെ നിയമനത്തിന് വേണ്ടി പ്രമാദമായ കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്തിയെന്ന ആരോപണം സാധൂകരിക്കുന്നതിനായി 2005ലെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ വിധിപകര്‍പ്പും അതുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന എംജി സര്‍വകലാശാലയിലെ വി.സി നിയമനത്തിന്റെ രേഖയും ജലീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
പിന്നീട് 2013ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി സിറിയക് ജോസഫിനെ നിയമിക്കുന്നതില്‍ അന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റിലിയും എഴുതിയ വിയോജന കുറിപ്പിന്റെ മലയാളം തര്‍ജമയും ജലീല്‍ പങ്കുവെച്ചിരുന്നു.
തനിക്കെതിരായ കേസില്‍ അസാധാരണ വേഗത്തിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പറഞ്ഞതെന്ന് ജലീല്‍ ആരോപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വിധി പറഞ്ഞു. വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും കെ.ടി ജലീല്‍ പരിഹസിച്ചു.
ലോകായുക്തയ്‌ക്കെതിരേയുള്ള വിമര്‍ശനം വസ്തുതാപരമാണെന്നും അതിന്റെ പേരില്‍ തൂക്കിലേറ്റപ്പെടാനും തയ്യാറാണെന്നായിരുന്നു ഈ വിഷയത്തിലെ ജലീലിന്റെ ഏറ്റവും ഒടുവിലത്തെ ഫെയ്‌സ്ബുക്ക് പ്രതികരണം.
ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്തയായി ഇരിക്കുമ്പോഴാണ്. ലോകായുക്തയുടെ അധികാരം ദുര്‍ബലപ്പെടുത്തുന്ന ഭേദഗതികളോടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിവാദമായിരിക്കുന്ന ഘട്ടത്തിലാണ് ജലീല്‍ ആരോപണവുമായി രംഗത്തുവരുന്നത്.
Leave a Comment