ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽ വച്ചും ഹോട്ടലിൽ വച്ചും കണ്ടു; പൾസർ സുനിയുടെ സംഭാഷണം പുറത്ത്

കൊച്ചി: ദിലീപിന് കുരുക്കായി പൾസർ സുനിയുടെ ജയിലിലെ ഫോൺ വിളി. പൾസർ സുനിയും സാക്ഷി ജിൻസണും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ മുൻപ് കണ്ടിട്ടുണ്ട് എന്നാണ് പൾസർ സുനി പറയുന്നത്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ട് എന്നാണ് പൾസർ സുനി ഈ ഫോൺ സംഭാഷണത്തിൽ പറയുന്നത്.

പൾസർ സുനി ജയിലിൽ കഴിയുമ്പോഴാണ് നേരത്തെ സഹ തടവുകാരനായിരുന്ന ജിൻസണുമായി ഈ ഫോൺ സംഭാഷണം നടത്തിയത്. ബാലചന്ദ്ര കുമാറിന്റെ ദിലീപിനെതിരായ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ വന്നതിന് ശേഷമുള്ള ഫോൺ സംഭാഷണമാണിത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും പൾസർ സുനി ഈ സംഭാഷണത്തിൽ സമ്മതിക്കുന്നുണ്ട്.

ദിലീപിന്റെ വീട്ടിൽ വെച്ചും ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചും മറ്റ് സ്ഥലങ്ങളിൽ വെച്ചും ബാലചന്ദ്ര കുമാറിനെ താൻ കണ്ടിട്ടുണ്ടെന്ന് പൾസർ സുനി കൃത്യമായി പറയുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളിൽ ദിലീപിന്റെ വീട്ടിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടന്നുവെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ പോലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തിരുന്നു.

ബാലചന്ദ്രകുമാറിനെ പൾസർ സുനിക്കും ദിലീപിനും അറിയാമെന്നും സംസാരത്തിൽ നിന്ന് വ്യക്തമാണ്. പൾസർ സുനി ജയിലിലുണ്ടായിരുന്ന സമയത്ത് സഹതടവുകാരനായിരുന്നു ജിൻസൺ. അന്ന് പൾസർ സുനി പലകാര്യങ്ങളും ജിൻസണോട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടിയെ ആക്രമിച്ച കേസിൽ ജിൻസണെ സാക്ഷിയാക്കിയിരുന്നു. ജയിലിൽ നിന്നുള്ള ബന്ധം ഇവർ പിന്നീടും തുടർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൾസർ സുനി ജിൻസണിനെ വിളിച്ചത്.

pathram desk 1:
Related Post
Leave a Comment