കണ്ണുകള്‍ ദാനംചെയ്തു; ‘ദഹിപ്പിക്കണം, റീത്ത് വേണ്ട, വയലാറിന്റെ ഗാനം വേണം’; അന്ത്യാഭിലാഷം

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി.ടി.തോമസിന്റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.

രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുത്, സംസ്കാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..’ എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനുള്ളത്. സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്.

ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്നും അന്ത്യാഭിലാഷമാണ്. ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്.

അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment