ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും (ഞായർ, തിങ്കൾ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു ആദ്യ കൊലപാതകം. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റിരുന്നു. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്.
തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനുമാണ് നിര്‍ദേശം
Leave a Comment